CrimeNEWS

ഒമാന്‍ ഉള്‍ക്കടലില്‍ സൗദി നാവികസേന മയക്കുമരുന്ന് പിടികൂടി

റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് സൗദി റോയല്‍ നാവിക സേനയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിന്തുടര്‍ന്ന് പിടികൂടി. ബോട്ട് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ 3,330 കിലോ ഹഷീഷും ഹെറോയിനും പിടിച്ചെടുത്തു.

രണ്ടു കോടിയിലേറെ ഡോളര്‍ മൂല്യം കണക്കാക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. 2018 മുതല്‍ കടലില്‍ പെട്രോളിങ് നടത്തുന്ന ടാസ്‌ക് ഫോഴ്‌സ് ഇതിന് മുമ്പും നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ നടത്തിയ ആദ്യ ഓപ്പറേഷനില്‍ 450 കിലോയിലേറെ ക്രിസ്റ്റല്‍ മെത്ത് എന്നറിയപ്പെടുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.

Signature-ad

അതെവര്‍ഷം നവംബറില്‍ രണ്ടു ഓപ്പറേഷനുകള്‍ കൂടി നടത്തി. ആദ്യ ഓപ്പറേഷനില്‍ ബോട്ട് തടഞ്ഞുനിര്‍ത്തി 1,579 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ ബോട്ടില്‍ നിന്ന് 456 കിലോ ഫെറ്റാമൈനും 364 കിലോ ഹെറോയിനും പിടികൂടി. ഡിസംബറിലും അറബിക്കടലില്‍ രണ്ടു മയക്കുമരുന്ന് വേട്ടകള്‍ നടത്തി. ആദ്യ ഓപ്പറേഷനില്‍ 910 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ 182 കിലോ ഫെറ്റാമൈനും 272 കിലോ ഹെറോയിനും പിടികൂടി.

ഒമാന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ഏദന്‍ ഉള്‍ക്കടല്‍ എന്നിവ അടങ്ങിയ 20 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സമുദ്രമേഖലയിലാണ് ഈ ടാസ്‌ക് ഫോഴ്‌സ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഭീകര വിരുദ്ധ പോരാട്ടം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ തടയല്‍, സ്വതന്ത്ര സമുദ്ര ഗതാഗതം ഉറപ്പുവരുത്തല്‍, ആഗോള വ്യാപാരത്തിന്റെ കേന്ദ്രവും ലോക സമ്പദ്വ്യവസ്ഥയുടെ പ്രധാന സിരാകേന്ദ്രവുമായ ഈ മേഖലകളില്‍ ആഗോള വ്യാപാര സുരക്ഷ എന്നിവ ടാസ്‌ക് ഫോഴ്‌സുകളുടെ പരിധിയില്‍ പെടുന്നു.

Back to top button
error: