KeralaNEWS

സഞ്ചയന ചടങ്ങിനിടെ ഒക്കത്തിരുന്ന രണ്ടുവയസുകാരന്‍ കടലില്‍ വീണു; അതിസാഹസികമായി രക്ഷിച്ച് വയോധികന്‍

അമ്പലപ്പുഴ: തിരമാല തട്ടിയെടുത്ത രണ്ടുവയസുകാരനെ സ്വന്തം ജീവന്‍ പോലും മറന്ന് വയോധികന്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. നീര്‍ക്കുന്നം പഴുപാറലില്‍ ലക്ഷ്മണനാ (64)ണ് അലറിയെത്തിയ തിരമാലയില്‍പ്പെട്ട് കടലില്‍ മുങ്ങിത്താണ കുട്ടിയെ പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് രക്ഷപ്പെടുത്തിയത്.

നീര്‍ക്കുന്നം കടല്‍ത്തീരത്ത് ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ബന്ധുകൂടിയായ സമീപവാസിയുടെ വീട്ടിലെ സഞ്ചയനകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ മുത്തച്ഛന്‍ പുരുഷനൊപ്പമാണ് പുതുവല്‍ അനീഷ്-വിനിത ദമ്പതികളുടെ രണ്ടു വയസുകാരനായ മകന്‍ എത്തിയത്. സഞ്ചയന കര്‍മ്മത്തിന്റെ ഭാഗമായി അസ്ഥി കടലിലൊഴുക്കിയശേഷം ബന്ധുക്കള്‍ കടലില്‍ മുങ്ങി കരയിലേക്കെത്തി. ഈ സമയം ചടങ്ങിന്റെ ഭാഗമായി കടല്‍ വെള്ളം പാത്രത്തില്‍ നിറയ്ക്കുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞിനെ കൂറ്റന്‍ തിരമാല തട്ടിയെടുക്കുകയായിരുന്നു.

Signature-ad

ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സ്തബ്ധരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇതിനിടെയാണ് കലിതുള്ളിയെത്തിയ തിരമാലകളെ വകഞ്ഞു മാറ്റി ലക്ഷ്മണന്‍ 25 മീറ്ററിലധികം പടിഞ്ഞാറോട്ട് ഒഴുക്കില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി ഏറെ ശ്രമകരമായി കരയിലെത്തിച്ചത്.
ശരീരമാസകലം ഉരഞ്ഞ് മുറിവേറ്റെങ്കിലും കുഞ്ഞിന് ഒരു പരുക്കുമേല്‍ക്കാതെ ലക്ഷ്മണന്‍ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ലക്ഷ്മണന്‍ വീട്ടിലേക്കു മടങ്ങി.

Back to top button
error: