IndiaNEWS

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല; അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന്‍ അന്ത്യശ്വാസം വലിച്ചു

ഭോപാല്‍: ഡോക്ടര്‍മാരുടെ അവഗണനമൂലം അഞ്ചു വയസുകാരന്‍ അമ്മയുടെ മടിയില്‍കിടന്ന് അന്ത്യശ്വാസം വലിച്ചു. രോഗബാധിതനായ കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നു തങ്ങള്‍ പലതവണ അറിയിച്ചിട്ടും ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ തയാറായിലെന്നു കുടുംബം ആരോപിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ദാരുണ സംഭവം. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷി പാന്ദ്രെയുടെ ചിത്രം സമൂഹമാധ്യമങ്ങളെ തീപിടിപ്പിക്കുകയാണ്.
ജബല്‍പുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നു മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നു.

മരണാസന്നനായ കുട്ടിയെ മാതാവിന്റെ മടിയില്‍ കിടത്തി മണിക്കൂറുകളോളം കുടുംബം ആരോഗ്യ കേന്ദ്രത്തിനു പുറത്ത് കാത്തുനിന്നു. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍ എത്തിയില്ല. ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ നല്‍കിയ വിശദീകരണം.

Signature-ad

ജബല്‍പുരിലെ ആരോഗ്യ സംവിധാനങ്ങളെയും ആശുപത്രികളെയും കുറിച്ച് അടുത്തിടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. നിര്‍ധന രോഗികള്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടര്‍ ദമ്പതികള്‍ക്കെതിരേ കഴിഞ്ഞ ദിവസം ജബല്‍പുര്‍ പോലീസ് കേസെടുത്തിരുന്നു.

70 പേരുടെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചികിത്സാ ചെലവ് വഹിക്കുന്നത് ഡോക്ടര്‍ ദമ്പതികളാണെന്നാണ് രോഗികളെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. രോഗികളുടെ പേരില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ വന്‍ തുക പ്രതികള്‍ തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. ഇവര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം.

Back to top button
error: