KeralaNEWS

പി സി ചാക്കോക്കെതിരെ എന്‍സിപി യില്‍ പടയൊരുക്കം, സംഘടനതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

 

എന്‍സിപി സംഘടന തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോക്കെതിരെ പടയൊരുക്കം ശക്തമായത്. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. പല ജില്ലകളിലും മന്ത്രി എ കെ ശശീന്ദ്രന്റെ സഹായത്തോടെയാണ് പി സി ചാക്കോ പക്ഷത്തിന് വിജയം നേടാനായത്. മൂന്നിടത്തൊഴികെ 11 ജില്ലകളില്‍ സ്വന്തം നോമിനികളെയാണ് പി സി ചാക്കോ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ചിരുന്നത്. ഈ 11 ജില്ലകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് പി സി ചാക്കോ വിഭാഗം മത്സരിച്ച് പരാജയപ്പെട്ടു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പരാജയപ്പെട്ടത്. കൊല്ലം ജില്ലയിലാകട്ടെ പി സി ചാക്കോ ഉദ്ദേശിച്ച ആളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പകരം മറ്റൊരാളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 5 ജില്ലകളാണ് പി സി ചാക്കോക്ക് നഷ്ടമായത്. മറ്റുള്ള 6 ജില്ലകളില്‍ എ.കെ.ശശീന്ദ്രന്റെ സഹായത്തോടെയാണ് എന്തെങ്കിലും നേടാനായത്. എന്നാല്‍ ഈ ജില്ലകളില്‍ നിലവില്‍ പി സി ചാക്കോ നിയമിച്ച പ്രസിഡന്റുമാരെ നിലനിര്‍ത്താനും കഴിഞ്ഞില്ല. ചുരുക്കത്തില്‍ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകള്‍ സ്വന്തമെന്ന് പറയാനുമാവില്ല.

സ്വന്തം ജില്ലയായ എറണാകുളത്തുനിന്നും സംസ്ഥാന സമിതിയിലേക്ക് മത്സരം നടന്നെങ്കിലും പിന്നീട് റിക്വസ്റ്റ് നടത്തുകയും മത്സരരംഗത്തുള്ള ശശീന്ദ്രന്റെ വിശ്വസ്തനായ സംസ്ഥാന ട്രഷററെപോലും വൈപ്പിനില്‍ നിന്നും മത്സരിപ്പിച്ചാണ് ചാക്കോ സംസ്ഥാന സമിതിയില്‍ എത്തപ്പെട്ടത്. പാര്‍ട്ടിയില്‍ പി സി ചാക്കോക്കും മന്ത്രി എ കെ ശശീന്ദ്രനും പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തോമസ് കെ തോമസ് എം.എല്‍.എ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. മാത്രമല്ല, മുന്‍കാലങ്ങളില്‍ രണ്ട് എം.എല്‍എ മാരില്‍ ഒരാള്‍ മന്ത്രി ആകുമ്പോള്‍ മറ്റൊരാള്‍ സംസ്ഥാന പ്രസിഡന്റാകുന്നതാണ് പാര്‍ട്ടിയിലെ കീഴ് വഴക്കം. രണ്ടര വര്‍ഷം കൂടുമ്പോള്‍ മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാമെന്ന പാര്‍ട്ടി തീരുമാനം അട്ടിമറിക്കാനാണ് മന്ത്രി ശശീന്ദ്രന്‍ ചാക്കോയുമായി രഹസ്യധാരണ ഉണ്ടാക്കിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഇതിനെ നേരിടുന്നതിനും സംസ്ഥാന തലത്തില്‍ തന്റെ സ്വാധീനം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി കൂടിയാണ് തോമസ് കെ തോമസ് മത്സരിക്കുന്നതെന്നും പറയപ്പെടുന്നു.

ഇതിനിടയില്‍ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ നിര്‍ത്തിവെച്ച സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ തോമസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. അതുവരെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെടുന്നു.
മന്ത്രി എ.കെ.ശശീന്ദ്രന്‍ മത്സരിച്ച ജില്ലയായ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെതിരെ ചാക്കോ- പി.എം.സുരേഷ്ബാബു സഖ്യം മത്സരം നടത്തിയതില്‍ ശശീന്ദ്രന്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ശശീന്ദ്രന്‍ ഇനിയും ചാക്കോയെ സഹായിക്കാനൊരുങ്ങിയാല്‍ പാര്‍ട്ടിക്കുള്ളില്‍ ശശീന്ദ്രന്റെ നില പരുങ്ങലിലാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്്. ശശീന്ദ്രന്റെ സ്വന്തം നാടായ കണ്ണൂരില്‍പോലും ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന്് ഉറപ്പായപ്പോള്‍ സമവായത്തിന് ശശീന്ദ്രന് വഴങ്ങേണ്ടി വന്നു.
ശശീന്ദ്രന്‍ വിഭാഗത്തിന്റെ എതിര്‍പ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുറത്തുവരുമെന്ന് ചാക്കോ സംശയിക്കുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ഥലങ്ങളില്‍ പാര്‍ട്ടിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിയതാണ് തിരുവനന്തപുരത്ത് കേസിനാധാരം. തിരുവനന്തപുരത്തും മൂവാറ്റുപുഴയിലുമാണ് തെരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടി കേസ് നിലനില്‍ക്കുന്നത്. എന്‍സിപി യുടെ സംഘടന തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇത്തരത്തില്‍ പാര്‍ട്ടിക്കെതിരെ കേസ് വരുന്നത്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്.

ഇതുകൂടാതെയാണ് പാര്‍ട്ടി തലത്തില്‍ ചാക്കോക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളെ അട്ടിമറിച്ചാണ് റെജി ചെറിയാനെ ദേശീയ വര്‍ക്കിംഗ് കമ്മറ്റിയില്‍ ചാക്കോ ഉള്‍പ്പെടുത്തിയത്. എന്നാല്‍ എതിര്‍പ്പ് വന്നതിനെ തുടര്‍ന്ന് റെജിയെ തല്‍സ്ഥാനത്തുനിന്നും ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മാറ്റി. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളില്‍ റെജി ചെറിയാന്‍ ആലപ്പുഴയിലെ വനിത നേതാവിനെക്കൊണ്ട് തോമസ് കെ തോമസ് എം.എല്‍എ ക്കെതിരെ പോലീസില്‍ വ്യാജപരാതി കൊടുപ്പിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍പട്ടേല്‍ റെജി ചെറിയാനെ പുറത്താക്കുന്നതിന് മുന്നോടിയായിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍ക്കിക്കഴിഞ്ഞു. ഇതും ചാക്കോക്കേറ്റ കനത്ത തിരിച്ചടിയാണ്.

ഇതിനുപുറമെയാണ് ചാക്കോയുടെ ദീര്‍ഘകാല വിശ്വസ്തനും ചാക്കോയുടെ ഇടപാടുകളില്‍ മധ്യസ്ഥനുമായ ബിജു ആബേലിനെ പാര്‍ട്ടി ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നും മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന സ്ഥാനത്തുനിന്നും നീക്കം ചെയ്തത്.

പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫിനെതിരെ പ്രസ്താവനയുമായി പിസി ചാക്കോ രംഗത്ത് വരുന്നത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളിലും എല്‍ഡിഎഫിലും പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസിലും എന്‍സിപി യിലും രക്ഷയില്ലാതായാല്‍ ബിജെപി യിലേക്ക് ചേക്കാറാനാണോ ചാക്കോ ശ്രമം നടത്തുന്നത് എന്ന് പാര്‍ട്ടി തലങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

Back to top button
error: