ബംഗളുരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങളെച്ചൊല്ലി വീണ്ടും വിവാദം ഉയരുന്നു. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കെട്ടുകഥകള്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചുവച്ചിരിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.
ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുന്നതിനിടെ പക്ഷിയുടെ ചിറകേറി പുറത്തുകടന്ന് ജന്മനാട് സന്ദര്‍ശിച്ചെന്നാണ് പാഠപുസ്തകം പറയുന്നത്. ബി.ജെ.പി. ചരിത്രം വളച്ചൊടിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടകത്തില്‍ വീണ്ടും പുതിയ പാഠപുസ്തകവിവാദം തലപൊക്കിയിരിക്കുന്നത്.
ജയില്‍ സന്ദര്‍ശിച്ച കെ.കെ. ഗട്ടിയുടെ വ്യക്തിഗത വിവരണമെന്ന നിലയിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിനു വായൂസഞ്ചാരം പോലുമില്ലാത്ത ജയില്‍മുറിയിലായിരുന്നു സവര്‍ക്കറെ അടച്ചിരുന്നത്. എങ്കിലും സവര്‍ക്കര്‍ എല്ലാ ദിവസവും ജന്മനാടു സന്ദര്‍ശിച്ചിരുന്നത്രേ. സെല്ലില്‍ പതിവായെത്തുന്ന ബുള്‍ബുള്‍ പക്ഷിയുടെ ചിറകേറിയായിരുന്നു ഈ സഞ്ചാരമേ്രത. ഭൂമിയില്‍ സ്പര്‍ശിക്കാതെയുള്ള സവര്‍ക്കറുടെ ഈ യാത്ര ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നുമില്ല. കൃത്യസമയത്തുതന്നെ അദ്ദേഹം ജയില്‍മുറിയില്‍ തിരികെയെത്തുകയും ചെയ്തിരുന്നു എന്നിങ്ങനെയൊക്കെയാണ് പാഠപുസ്തകത്തില്‍ പറയുന്നത്.
പാഠഭാഗത്തിലെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിര രംഗത്തെത്തി. അതിശയോക്തിപരമായ വിവരണത്തിലുപരിയായി സവര്‍ക്കറെയും ആര്‍.എസ്.എസ്. നേതാക്കളെയും മഹത്വവല്‍ക്കരിക്കാനായി ചരിത്രം വളച്ചൊടിക്കുന്ന ബി.ജെ.പി. നീക്കങ്ങളുടെ അവസാനത്തെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
മുന്‍പ് പാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണ ഗുരുവിനെ പുറത്താക്കിയതും കര്‍ണാടകത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് തീരദേശമേഖലകളിലെ ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരേ രംഗത്തെത്തിയതോടെയാണ് വീണ്ടും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം വിനായക ചതുര്‍ഥിക്ക് ശിവമൊഗ്ഗയില്‍ ഗണേശവിഗ്രഹത്തിനൊപ്പം സ്ഥാപിച്ചിരുന്ന സവര്‍ക്കറുടെ ചിത്രങ്ങള്‍ നീക്കിയതും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതു കെട്ടടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണു പുതിയ വിവാദം.