ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ആഗസ്റ്റ് 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് റേഷന്‍കാർഡുടമകള്‍ക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നത്. 27-ാം തീയതി മാത്രം 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി. മില്‍മ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണ്.