തൃശ്ശൂര്‍: കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തു. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങൾക്ക് ഇടയിൽ സംശയങ്ങൾ ഉണ്ടായി. മഞ്ഞക്കുറ്റി കുഴിച്ചിടാൻ ഉദ്യോഗസ്ഥർ കാണിച്ച അനാവശ്യ തിടുക്കം എരിതീയിൽ എണ്ണ ഒഴിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭരണ നേതൃത്വം സ്വീകരിച്ചെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുളള നേതാക്കളെയും രൂക്ഷഭാഷയിൽ വിമര്‍ശിച്ച് സിപിഐ തൃശൂർ ജില്ലാ സമ്മേളനം. ഇടത് സർക്കാരിന്‍റെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ജില്ലകളിലേതിന് സമാനമായ രീതിയിൽ തൃശൂരിലും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകുന്ന തരത്തിൽ സിപിഐ മന്ത്രിമാർ പോലും പ്രവർത്തിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയെ ശക്തമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ ചെറുതാക്കി കാണുന്നത് ശരിയല്ലെന്നും മണ്ഡലം കമ്മിറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒരു മുന്നണി സർക്കാരിനെ നയിക്കാനുള്ള പക്വത ഇപ്പോഴും സിപിഎം ആർജിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് നേരെയും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ കീഴിൽ ആഭ്യന്തരവകുപ്പ് പരാജയമാണെന്നെന്നാണ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിലയിരുത്തൽ. ജില്ലയിലെ മന്ത്രിയായ കെ രാജന്‍റെ റവന്യൂ വകുപ്പ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമ്പോഴും സിപിഐയുടെ മറ്റ് മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായി കണക്കാക്കാൻ പറ്റുന്നില്ലെന്നാണ് വിലയിരുത്തൽ. സിപിഐ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം ഉയര്‍ന്നു. എംഎം മണി, ആനി രാജയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചിട്ടും ചെറുക്കുന്നതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചത് ശരിയായില്ലെന്നാണ് കാനത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം. നേതൃത്വത്തിൽ നിന്നു സംഘടനാപരമായി വലിയ വീഴ്ചയാണുണ്ടായതെന്നും കാനം രാജേന്ദ്രന്‍റെ സാനിധ്യത്തിൽ തന്നെ പ്രതിനിധികൾ തുറന്നടിച്ചു. കരുവന്നൂർ ബാങ്കിൽ സംഭവിച്ചത് പോലുള്ള തട്ടിപ്പുകൾ ദൗർഭാഗ്യകരവും ലജ്ജാകരവുമെന്നും സിപിഐ ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനമായി ഉൾപ്പെടുത്തുന്നു.