NEWS

പ്രതികളുടെ വക്കാലത്തെടുക്കാതെ അഭിഭാഷകര്‍: രണ്‍ജീത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വിചാരണ മാവേലിക്കരയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍, രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിനൊപ്പം സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ആലപ്പുഴ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ തയ്യാറാവാതിരുന്നതോടെ വിചാരണ അനിശ്ചിതത്വത്തിലാകുകയായിരുന്നു. കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രണ്‍ജീത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി.

രണ്ടു കൊലപാതകക്കേസുകളിലും പൊലീസ് നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്‍ജീത്ത് കേസില്‍ പതിനഞ്ചും, ഷാന്‍ കേസില്‍ പതിനൊന്നും പ്രതികളെ ചേര്‍ത്താണ് ആദ്യഘട്ട കുറ്റപത്രം നല്‍കിയത്. രണ്‍ജീത്ത് വധക്കേസില്‍ 1100 പേജുള്ള കുറ്റപത്രവും ഷാന്‍ വധക്കേസില്‍ 483 പേജുള്ള കുറ്റപത്രവുമാണ് ആദ്യഘട്ടത്തില്‍ ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഷാന്‍ കേസില്‍ പ്രതികളെ വേഗം പിടികൂടിയെങ്കിലും രണ്‍ജീത്ത് കേസില്‍ പൊലീസ് നന്നേ പണിപ്പെട്ടു. തിരിച്ചറിയല്‍ പരേഡ് അടക്കം നടപടികള്‍ ഉള്ളതിനാല്‍ രണ്‍ജീത്ത് കേസില്‍ പ്രധാന പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് ഇവ വെളിപ്പെടുത്തിയത്.

Back to top button
error: