CultureLIFE

കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ദില്ലി: കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമാണ് സേതുവിന് ലഭിച്ചത്. ‘ചേക്കുട്ടി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയാണ് അനഘ ജെ. കോലത്തിന് യുവ സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ.ജയകുമാര്‍, യു.കെ. കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Signature-ad

ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാരം ജേതാവിനെ നിര്‍ണയിച്ചത്.

അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം ഉള്‍പ്പടെ 12 ഭാഷകളിലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികള്‍ക്ക് ഇത്തവണ അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല.

അനഘ ജെ. കോലത്ത്

മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയയാണ് അനഘ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അനഘ കവിത എഴുതുക മാത്രമല്ല അത് ചൊല്ലി ഫലിപ്പിക്കാനും മിടുക്കിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. 51 കവിതകള്‍ ഉള്‍പ്പെടുത്തി കാവ്യാമൃതം എന്ന കാവ്യാലാപന സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടത്തില്‍ കലോത്സവേദികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അനഘ ഇഷ്ടപ്പെട്ടത്. എന്നാല്‍ കോളജിലെത്തിയതോടെ അദ്ധ്യാപകരുടെ സ്നേഹ ശാസനകള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന യുവകവിയായി അനഘയെമാറ്റി. വൈലോപ്പിള്ളിയും ഇടശേരിയുമൊക്കെയാണ് അനഘയ്ക്കിഷ്ടമുള്ള പഴയ തലമുറയിലെ എഴുത്തുകാര്‍. പുതിയ തലമുറയിലേക്ക് എത്തുമ്പോള്‍ അത് മോഹനകൃഷ്ണന്‍ കാലടിയും റഫീക്ക് അഹമ്മദും എസ്. വിജയലക്ഷ്മിയുമൊക്കെയാണ്.

പാലാ ശക്തിവിലാസം എന്‍.എസ്.എസ്. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കിടങ്ങൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് തിരുവനന്തപുരം സര്‍ക്കാര്‍ വിമെന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. ചങ്ങനാശേരി കോളജിലായിരുന്നു ബിരുദാനന്തര ബിരുദം.

കവിതകള്‍ സമാഹാരമാക്കി പ്രസിദ്ധീകരിക്കാന്‍ വിമുഖത കാട്ടിയിരുന്ന അനഘയെ കൊണ്ട് കവിത പുസ്തമാക്കാന്‍ നിര്‍ബന്ധിച്ചതും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കിയതും എഴുത്തുകാരന്‍ കെ.ജയകുമാറാണ്. അങ്ങനെ മുപ്പതോളം കവിതകള്‍ ഉള്‍പ്പെടുത്തി ‘ഞാന്‍ അറിഞ്ഞ കടല്‍’ എന്ന കവിതാസമാഹാരം പുറത്തിറക്കി.

2014 ലെ അങ്കണം കവിതാ അവാര്‍ഡ്, ആകാശവാണി യുവവാണി അവാര്‍ഡ്,സഹകാര്യം ചെറുകഥാ അവാര്‍ഡ്,2019 ലെ ഒ.എന്‍.വി.യുവസാഹിത്യപുരസ്‌കാരം,2020 ലെ പുനലൂര്‍ ബാലന്‍ കവിതാപുരസ്‌കാരം തുടങ്ങിയവ എഴുത്തിലെ നേട്ടങ്ങളാണ്.2019 ല്‍ ആസാമില്‍ വെച്ചു നടന്ന കേന്ദ്രസാഹിത്യഅക്കാദമിയുടെ ഓള്‍ ഇന്ത്യാ യങ്ങ് പോയറ്റ് മീറ്റില്‍ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

2020 ലെ സാഹിത്യ അക്കാദമിയുടെ ഓണ്‍ലൈന്‍ കവിയരങ്ങിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കവിതയ്ക്കു പുറമെ കഥ, ലേഖനങ്ങള്‍ എന്നിവയുമായി ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലുമായി എഴുത്തില്‍ സജീവമാണ് അനഘ. ബാങ്ക് ഉദ്യോഗസ്ഥനായ കോലത്ത് വീട്ടില്‍ കെ.എന്‍. ജയചന്ദ്രന്റനാണ് അനഘയുടെ അച്ഛന്‍, സ്‌കൂള്‍ അദ്ധ്യാപികയായ പി.ജി. ശ്യാമളാദേവിയാണ് അമ്മ. അജ്ഞന, അര്‍ച്ചന എന്നിവരാണ് സഹോദരിമാര്‍.

 

Back to top button
error: