തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് പകരം എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റ് സര്‍വ്വീസ് പരിഗണിക്കാമോയെന്ന് പ്രതിപക്ഷ എംഎല്‍എ മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കിടെയായിരുന്നു എം.എല്‍.എയുടെ ചോദ്യം. വലിയ വ്യവസായിയായിരുന്ന മഞ്ഞളാം കുഴി അലി ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും അന്തരീക്ഷ മലിനീകരണം, വായു മലിനീകരണമടക്കമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയസാധ്യതയുള്ളതാണ്. അതിനാല്‍ സംസ്ഥാനത്തിന് സില്‍വര്‍ ലൈന്‍ അനുയോജ്യമല്ലെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറി, പകരം പെട്ടന്ന് പോകുന്ന യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് ഫ്‌ളൈറ്റ് സര്‍വ്വീസ്, അതല്ലെങ്കില്‍ ഹെലിക്കോപ്ടര്‍ സര്‍വ്വീസ് എന്നിവ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ എന്നായിരുന്നു അലിയുടെ ചോദ്യം.
മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റത്. നിയമസഭാംഗമാകുന്നതിന് മുമ്പ് മഞ്ഞളാംകുഴി അലി നല്ല വ്യവസായിയാരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഇത്ര അബദ്ധമായ നിലപാട് എങ്ങനെ അങ്ങനെയുള്ളൊരാള്‍ക്ക് പറയാന്‍ കഴിയുന്നുവെന്നാണ് പിണറായി ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. ഈ സമയത്ത് വിജയിച്ച വ്യവസായിയെന്ന് പറഞ്ഞ് സ്പീക്കറും ഒപ്പം കൂടി. കേരളത്തില്‍ സില്‍വര്‍ ലൈന്‍ എംഎല്‍എ ഉദ്ദേശിച്ച പോലുള്ള പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങളുണ്ടാക്കില്ലെന്നും പിണറായി മറുപടി നല്‍കി. അതേസമയം, അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.