CrimeNEWS

റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലെന്നു മുഖ്യമന്ത്രി

 

സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021 ഫെബ്രുവരിയില്‍ 1960-ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികള്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ബഹു: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബഹു: ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Signature-ad

കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ഗെയിം സൈറ്റുകള്‍. വന്‍ സമ്മാന തുക വാഗ്ദാനം ചെയ്തും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയുമാണ് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത്.

ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നല്‍കുന്ന മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളും വ്യാപകമായി. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിയ്ക്കുന്ന നിലയുണ്ട്.

ഓണ്‍ലൈന്‍ റമ്മിയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ചിലരെങ്കിലും പിന്മാറാന്‍ തയ്യാറായത് അനുകരണീയമായ മാതൃകയാണ്.

ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ളപഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: