CrimeNEWS

ഇടയ്ക്കിടെ ലോഡ്ജില്‍ മുറിയെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്‍പ്പന; യുവാവും യുവതിയും അറസ്റ്റില്‍

ഇടുക്കി: ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തിയ കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍.
കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എം.ഡി.എം.എയുമായി ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Signature-ad

തൊടുപുഴയിലെ ലോഡ്ജില്‍ യുവാവും യുവതിയും ഇടയ്ക്കിടെ എത്തിയിരുന്നു. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറയുന്നു.

ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

 

Back to top button
error: