KeralaNEWS

കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അട്ടപ്പാടി മധു വധക്കേസിലെ അഭിഭാഷകൻ അനിൽ കെ.മുഹമ്മദ്, ഒമ്പത് പ്രതികളും ഒളിവിൽ

അട്ടപ്പാടി മധു വധക്കേസിൽ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ. ജാമ്യം റദ്ദാക്കാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് മാത്രമാണ് വാദിച്ചതെന്നും കോടതിയിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ അനിൽ കെ.മുഹമ്മദ് പ്രതികരിച്ചു.

വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിൽ ഇടപെടാൻ മണ്ണാർക്കാട് കോടതിക്ക് അധികാരമില്ല. ഇക്കാര്യമാണ് കോടതിയിൽ വാദിച്ചത്. ജാമ്യം റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്ന് പ്രത്യാഘാതമുണ്ടാകുമെന്നോ ജഡ്ജിയുടെ ഫോട്ടോവെച്ച് വാർത്ത വരുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയിൽ എല്ലാവരുടെയും മുമ്പിലാണ് വാദം നടന്നതെന്നും ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടി മധു വധക്കേസിലെ പ്രതിയുടെ അഭിഭാഷകൻ അനിൽ കെ.മുഹമ്മദ്
ഭീഷണിപ്പെടുത്തി എന്ന് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജ‍ഡ്ജി കെ.എം.രതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം വാർത്ത കൊണ്ടുവരും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ കോടതി പ്രത്യേകം പരാമർശിച്ചിരുന്നു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനം മൂലമാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ നേരിട്ടും ഇടനിലക്കാർ വഴിയും സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പ്രതിഭാഗം അഭിഭാഷകന്റെ വാദത്തിന് താൻ സാക്ഷിയാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പ്രതികരിച്ചു:
”വാദത്തിന്റെ സമയങ്ങളിൽ ഞാൻ കോടതിയിൽ ഉണ്ടായിരുന്ന ആളാണ്. അങ്ങനെ അദ്ദേഹം പറഞ്ഞു എന്നത് സത്യമാണ്. അത് കോടതിയുടെ ഉത്തരവിൽ പരാമർശമായി വരുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല”

മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമർശമുണ്ടായത്.

അതേസമയം, കഴിഞ്ഞദിവസം ജാമ്യം റദ്ദാക്കിയ 12 പ്രതികളിൽ ഒമ്പതുപേരും ഒളിവിൽപോയിരിക്കുകയാണ്. ഇവരെ തേടി പോലീസ് സംഘം ഇവരുടെ വീടുകളിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയിൽ ഹാജരായ മൂന്ന് പ്രതികളെ കഴിഞ്ഞദിവസം തന്നെ റിമാൻഡ് ചെയ്തിരുന്നു.

Back to top button
error: