പാലക്കാട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായത്. തുടര്‍ന്ന് ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
ആവാസും ജയരാജും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി.
തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലും പരിശോധിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷന്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പറഞ്ഞു.
സി.പി.എം. പ്രാദേശിക നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. കേസില്‍കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നുാണ് പോലീസ് നല്‍കുന്ന വിവരം. മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. പ്രതികളെല്ലാം ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, ചില പ്രതികള്‍ കഴിഞ്ഞദിവസം വിളിച്ചു പറഞ്ഞത് തങ്ങള്‍ സി.പി.എം അനുഭാവികളാണെന്നായിരുന്നു.