
രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കെ ആര്‍ രതീഷ്‌കുമാര്‍, എസ് ആര്‍ രാഹുല്‍, കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.രാഹുലിന്റെ പി എയാണ് രതീഷ്‌കുമാര്‍, രാഹുലും നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫാണ്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എം.എല്‍.എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍ക്കാരിന്റെയും സിപിഎം ന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.






