കോഴിക്കോട്: കഞ്ചാവുകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ വടകരസബ് ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി കീഴടങ്ങി. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികൃതര്‍ക്ക് മുന്പില് കീഴടങ്ങിയത്. ഇയാള്‍ക്കായി കാസര്‍ഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു.
അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്സ്സൈസ് പിടികൂടിയത്. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ജൂണ്‍ ഏഴിനാണ് ഫഹദ് ജയിലിലെത്തുന്നത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ യുവാവ് തിരികെ വരാന്‍ വൈകി. ഇതോടെ സംശയംതോന്നി ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ എയര്ഹോള്വഴി പ്രതി രക്ഷപ്പെട്ട വിവരം അറിയുന്നത്.
മെലിഞ്ഞ ശരീരപ്രകൃതമുള്ളയാളായിരുന്നു ഫഹദ്. ജയില്‍ വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്ഹോള് തുറക്കുന്നത്. തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലില്‍ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.