ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ബീഫും ചിക്കനും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് കുട്ടികള്‍ക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനെന്ന് ലക്ഷദ്വീപ് ഭരണകൂടം. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ആണ് നടപടി ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്നും കടുത്ത സാമ്പത്തിക നഷ്ടമായതിനാല്‍ ആണ് കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ഡയറി ഫാമുകള്‍ അടച്ച് പൂട്ടിയതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സന്നദ്ധ സംഘടനയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പങ്കെടുത്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കുട്ടികളുടെ വളര്‍ച്ചയ്ക്കും, വികസനത്തിനും ആവശ്യമായ പോഷകാഹാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സ്കൂളുകളുടെ ഉച്ച ഭക്ഷണ മെനുവില്‍ പരിഷ്കരണം കൊണ്ട് വന്നത്. അതും വിശാലമായ കൂടി ആലോചനകള്‍ക്ക് ശേഷം. മെനുവില്‍ മീന്‍, മുട്ട, മാംസം എന്നിവ ഉള്‍പെടുത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോട് ഒപ്പം നേരത്തെ മെനുവില്‍ ഇല്ലാതായിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ഉള്‍പ്പെടുത്താനും വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മെനുവില്‍ പരിഷ്കരണം കൊണ്ടുവന്നത്. പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും ഉള്പെടുത്തിയപ്പോള് ചിക്കനും മറ്റ് മാംസാഹാരങ്ങളും ഒഴിവാക്കുക ആയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
ലക്ഷദ്വീപിലെ മിക്ക വീടുകളിലും ചിക്കന്‍ ഉള്‍പ്പടെയുള്ള മാംസാഹാരങ്ങള്‍ ദൈനംദിനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പഴങ്ങളും, ഡ്രൈ ഫ്രൂട്സും ഉപയോഗിക്കുന്നത് കുറവാണ്. കുട്ടികളെ സ്കൂളില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് മെനു പരിഷ്കരണം നടത്തിയത്. ഡയറി ഫാം അടച്ച് പൂട്ടാനുള്ള തീരുമാനത്തിന് നിര്‍ദിഷ്ട മൃഗ സംരക്ഷണ നിയന്ത്രണങ്ങളുമായി ബന്ധമില്ല. ഫാമുകള്‍ അടച്ച് പൂട്ടി പശുക്കളെ വിവിധ പശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ ഇനി തുറക്കാന്‍ ആകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കവരത്തി നിവാസിയായ അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഉള്ള സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും, ദ്വീപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് പ്രഫുല്‍ ഖോഡ പട്ടേലും, ദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഒറ്റ സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി പുറപ്പടിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ താത്കാലികമായി ഭരണകൂടം പുനഃസ്ഥാപിച്ചിരുന്നു.