ഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികള്‍ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതോടെ ആഭ്യന്തര സര്‍വീസുകളില്‍ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികള്‍ തന്നെ നിശ്ചയിക്കും.
The decision to remove air fare caps has been taken after careful analysis of daily demand and prices of air turbine fuel. Stabilisation has set in & we are certain that the sector is poised for growth in domestic traffic in the near future. https://t.co/qxinNNxYyu
— Jyotiraditya M. Scindia (@JM_Scindia) August 10, 2022
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കുറച്ച് മറ്റ് വിമാന കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുന്നത് തടയാനും അമിത ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് ഒഴിവാക്കാനുമായിരുന്നു കൊവിഡിന് പിന്നാലെ സര്‍ക്കാരിന്റെ ഇടപെടല്‍.
എന്നാല്‍ കൊവിഡിന് ശേഷം ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ ഇടപെടല്‍ തിരിച്ചടിയാണെന്നാണ് വിമാന കമ്പനികളുടെ വാദം. നിരക്ക് നിശ്ചയിക്കുന്നതിലുള്ള നിയന്ത്രണം നീക്കിയാല്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനാകുമെന്നാണ് വിമാന കമ്പനികളുടെ നിലപാട്. നിയന്ത്രണം നീക്കുന്നതോടെ വ്യോമയാന മേഖലയില്‍ സ്ഥിരത കൈവരിക്കാനാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതാരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി. വിമാന ഇന്ധനത്തിന്റെ വിലയും പ്രതിദിന ആവശ്യകതയും വിശകലനം ചെയ്താണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്കെത്തിയതെന്നും സിന്ധ്യ വ്യക്തമാക്കി.