IndiaNEWS

ദേശീയപതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല; പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുന്നത് ലജ്ജാകരം: ബിജെപി എംപി വരുണ്‍ ഗാന്ധി

ഡല്‍ഹി: റേഷന്‍കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാന്‍ നിര്‍ബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു വരുണ്‍ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങള്‍ക്ക് ഭാരമാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

വരുണ്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍, റേഷന്‍ നല്‍കണമെങ്കില്‍ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് കടക്കാര്‍ നിര്‍ബന്ധിക്കുന്നതായി ചിലര്‍ പറയുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് റേഷന്‍ വാങ്ങാനെത്തുന്നവരെ പണം കൊടുത്ത് പതാക വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും റേഷന്‍ വിതരണരക്കാര്‍ വിശദീകരിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ അര്‍ഹമായ ധാന്യം നിഷേധിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കര്‍ണാലിലെ വാര്‍ത്താ ചാനലാണ് വീഡിയോ ചിത്രീകരിച്ചത്.

റേഷന്‍ വാങ്ങാനെത്തുന്ന ഓരോ വ്യക്തിയും 20 രൂപയ്ക്ക് പതാക വാങ്ങി വീട്ടില്‍ വയ്ക്കണമെന്ന് തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നതായി റേഷന്‍ ഡിപ്പോയിലെ ജീവനക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ വീഡിയോയില്‍ പറയുന്നു. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അയാള്‍ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ഡിപ്പോ ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ഡിപ്പോ ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അനീഷ് യാദവ് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ദേശീയപതാകകള്‍ റേഷന്‍ ഡിപ്പോകളില്‍ വില്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്കിടയിലാണ് ബിജെപി എംപിയുടെ വിമര്‍ശനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ?ഗമായി നടക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. നേരത്തെ, വയോജനങ്ങള്‍ക്കുള്ള റെയില്‍വേ ഇളവ് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെയും അഗ്‌നിപഥിനെയും വിമര്‍ശിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

 

Back to top button
error: