KeralaNEWS

22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരും; ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി. ബില്‍ തയാറാക്കാനാണ് ഓര്‍ഡിനന്‍സുകള്‍ മടക്കി നല്‍കിയത്. ഗവര്‍ണറുടെ കടുംപിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ തീരുമാനിച്ചിരുന്നു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവന്‍ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകീട്ട് ഗവര്‍ണര്‍ അംഗീകരിച്ചത്. നിയമസഭ ബില്‍ പാസ്സാക്കിയാലും ഗവര്‍ണര്‍ അനുമതി നല്‍കണമെന്നുള്ളതാണ് അടുത്ത കടമ്പ. ബില്‍ നിയമസഭയില്‍ എത്തിയാല്‍ സര്‍ക്കാറിന് മുന്നില്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ എതിര്‍പ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.

Signature-ad

നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഇനിയും രാജ്ഭവന്‍ തീരുമാനമെടുക്കാതെ മാറ്റി വച്ചിരിക്കുന്നതിനാല്‍ ഗവര്‍ണറുമായി സമവായത്തിലെത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുന്നുണ്ട് . ഒരിക്കല്‍ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ എന്തിനാണ് സമയമെന്ന നിയമ മന്ത്രിയുടെ വിമര്‍ശനം തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സമയമെടുക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ കണ്ടില്ലെന്ന് പറയുമ്പോഴും തന്നെ ഒതുക്കാനുള്ള സര്‍ക്കാറിന്റെ പല നീക്കങ്ങളിലും ആരിഫ് മുഹമ്മദ് ഖാനുള്ള അതൃപ്തി തുടരുകയാണ്.

 

Back to top button
error: