കാഞ്ഞങ്ങാട്: ഉത്തര കേരളത്തിൻ്റെ അഭിമാനമായ ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്.
ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ് പരിശീലനം.
ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത് 28 പേരെയാണ്. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക, ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ, കേരള താരങ്ങളായ പി അശ്വതി, വി.വി ആരതി, അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ് നാടിന് അഭിമാനമാകുന്നത്. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കാണുന്നത്. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിച്ച അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു.
ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ ഉദ്യോഗസ്ഥനുമായ നിധീഷ് ബങ്കളവും കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി.ആർ പ്രീതി മോളും പരിശീലനം നൽകിയവരാണ് ബങ്കളം വുമൺസ് ക്ലിനിക്കെിലെ ഈ താരങ്ങൾ. കക്കാട്ട് സ്ക്കൂളിലാണ് എല്ലാവരും പഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കേരള വനിതാലീഗിലും ഐഎസ്എൽ വനിതാ മത്സരത്തിലും ഇവരുടെ മിന്നും പ്രകടനം ഇനി ലോകം കാണും.