ദില്ലി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകാതെ പാവങ്ങളായ കര്‍ഷകരും സാധാരണക്കാരും ജീവന്‍വെടിയുന്നത് നിത്യസംഭവമായ രാജ്യത്ത് വന്‍ തുക കടമെടുത്ത കോടീശ്വരന്മാര്‍ക്കായി ബാങ്കുകള്‍ എഴുതിത്തള്ളിയത് പത്തുകോടിയോളം രൂപ. ധനമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകളിലൂടെയാണ് ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 1,57,096 കോടി കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിത്തള്ളിയതായി ധനമന്ത്രാലയം അറിയിച്ചു.
കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമായി കോടികള്‍ നല്‍കാതെ ഇരിക്കുമ്പോളാണ് നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മധ്യവര്‍ഗത്തിന് വന്‍ തുക നികുതി ചുമത്തി കഷ്ടപ്പെടുത്തുമ്പോള്‍ മോദി സര്‍ക്കാര്‍ സുഹൃത്തുകള്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വിമര്‍ശിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10,306 പേരാണ് വന്‍ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നതൊണ് സര്‍ക്കാര്‍ കണക്ക്. കിട്ടാക്കടമായി എഴുതിത്തള്ളിയ കണക്കും ഇതിലേറെ ഞെട്ടിക്കുന്നതാണ്. 2017 -18 ല്‍ 1,61,328 കോടി, 2018,19,20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ലക്ഷത്തിലേറെ കോടി രൂപ. ഈ വര്‍ഷം 1,57,096 കോടി രൂപ ഇതാണ് എഴുതി തള്ളിയ കിട്ടാക്കടത്തിന്റെ കണക്ക്. ആകെ നാല് വര്‍ഷത്തിനിടെ 9,91,640 കോടി രൂപ കിട്ടാക്കടമായി എഴുതി തള്ളിയതായും ധനമന്ത്രാലയം പറയുന്നു.
നാല് വര്‍ഷത്തിനിടയില്‍ 2020 -21 ല്‍ മാത്രം 2840 പേര്‍ കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതായും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ പ്രധാന വായ്പ തട്ടിപ്പുകാരില്‍ ഒന്നാമത് മെഹുല്‍ ചോക്‌സിയുടെ ഗീതാന്‍ജലി ജെംസ് ആണ്. 7110 കോടി രൂപയാണ് വായ്പ തട്ടിപ്പ് നടത്തിയത്. ആദ്യത്തെ പത്ത് കമ്പനികള്‍ മാത്രം 37441 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.