
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തികൂടിയതായും അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഓഗസ്റ്റ് ഏഴ് മുതല്‍ 11 വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ ഒഡിഷ – ഛത്തീസ്ഗഡ് മേഖലയിലുടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്
- 08-08-2022: കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
- 09-08-2022: കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
- 10-08-2022: തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
- 11-08-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 983 . 50 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. വയനാട് ബാണാസുര അണക്കെട്ടില്‍ ജലനിരപ്പ് 773. 60 മീറ്ററെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്ന കാര്യം ഉച്ചക്ക് ശേഷം തീരുമാനിക്കും.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് 975.44 മീറ്ററില്‍ എത്തി. ഇടമലയാറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുകയാണ്.
മംഗലം ഡാമിന്റെ ഷട്ടറുകള്‍ 61 സെന്റിമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 1 സെന്റിമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും ശിരുവാണി ഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്നിരിക്കുകയാണ്. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകളും തമിഴ്‌നാട് ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നിരിക്കുകയാണ്. തൃശൂര്‍ ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.






