ഇടുക്കി: പ്രകൃതി ദുരന്ത ഭീഷണികള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിനോദ സഞ്ചാരം പൂര്‍ണമായും നിരോധിച്ച് കലക്ടര്‍. മഴയും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ ടൂറിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട രീതിയിലെങ്കിലും ആളുകള്‍ മൂന്നാറിലേക്ക് എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് അപകടവ്യാപ്തി വര്‍ധിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കലക്ടറുടെ നടപടി.
ഇന്നലെയും ദേവികുളം ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം വീണ്ടും തടസ്സപ്പെട്ടിരുന്നു. ഗ്യാപ് റോഡില്‍നിന്ന് ബൈസണ്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങള്‍ കുഞ്ചിത്തണ്ണിവഴി തിരിച്ചുവിട്ടു.
അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ്‍ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. 2383.53 ആണ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വ്. ഡാം തുറന്നാലും പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതലായി 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാന്‍ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളില്‍ അനൗണ്‍സ്‌മെന്റും നടത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമില്‍ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് പുറപെടുവിക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്.
ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപെട്ടു.