ലഖ്‌നൗ: ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മോദിപുരം സ്വദേശിയായ നവീന്‍ കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച യുവാവിനെയും സഹായിയായ സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുരങ്ങിനെ കണ്ട് പേടിച്ച് വീണു എന്നു പറഞ്ഞാണ് അത്യാസന്നനിലയിലുള്ള മകളെ ഇയാള്‍ വെള്ളിയാഴ്ച കന്‍ഖര്‍ഖേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വാര്‍ഡ് ബോയിക്ക് ഒരു ലക്ഷം രൂപ കൊടുത്ത് മകളെ കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് ബോയ് ആശുപത്രിയിലെ ഒരു സ്ത്രീ തൊഴിലാളിയേയും കൂടെ കൂട്ടി ഐ.സി.യുവില്‍ കയറി. തുടര്‍ന്ന് ഉയര്‍ന്നഡോസില്‍ പൊട്ടാസ്യം ക്ലോറൈഡ് പെണ്‍കുട്ടിക്ക് കുത്തിവയ്ക്കുകയായിരുന്നു.
ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി, ഇതോടെ മോദിപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചതായി കണ്ടെത്തി. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ വാര്‍ഡ് ബോയ് നരേഷ് കുമാര്‍ പെണ്‍കുട്ടിക്ക് പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
തുടര്‍ന്ന് നരേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് പെണ്‍കുട്ടിയുടെ പിതാവ് മകളെ കൊല്ലാന്‍ വേണ്ടി ഒരു ലക്ഷം രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയ സംഭവം പുറത്തു വന്നത്. കുത്തിവയ്ക്കാന്‍ ഉപയോഗിച്ച ഇഞ്ചക്ഷനും പൊട്ടാസ്യം ക്ലോറൈഡും 90,000 രൂപയും പോലീസ് കണ്ടെടുത്തു. വാര്‍ഡ് ബോയിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും വാര്‍ഡ് ബോയിയേയും സഹായിയായ സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പിതാവും കുറ്റം സമ്മതിച്ചു.
മകള്‍ക്ക് ഒരു യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്നും എന്നാല്‍ ഇതില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചെങ്കിലും മകള്‍ അനുസരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ നവീന്‍കുമാര്‍ പോലീസിനോട് പറഞ്ഞു. ഒപ്പം പെണ്‍കുട്ടി വീടിന് മുകളില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ വേണ്ടി താഴേക്ക് ചാടുകയായിരുന്നു എന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.