IndiaNEWS

പ്രഭാതനടത്തത്തിനിടെ ജഡ്ജിയെ ഓട്ടോ ഇടിപ്പിച്ച് കൊന്ന പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

ന്യൂഡല്‍ഹി: പ്രഭാതസവാരിക്കിടെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികളായ ലഖന്‍ വര്‍മ്മയ്്ക്കും രാഹുല്‍ വര്‍മ്മയ്ക്കുമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്.

പ്രതികള്‍ 30,000 രൂപ പിഴയും അടയ്ക്കണം. ധന്‍ബാദിലെ ദിഗ്വാദിഹ് നിവാസികളായ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രഭാത നടത്തത്തിനിടെ ജഡ്ജി ആനന്ദിനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആനന്ദ് പിന്നീട് മരിച്ചു. ജഡ്ജിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ആസൂത്രിതമായ പ്രവൃത്തിയാണിതെന്നും വിചാരണാവേളയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കരുതിക്കുട്ടിയുള്ള കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, ജഡ്ജിക്കു നേരേ ബോധപൂര്‍വം ഓട്ടോറിക്ഷ ഓടിച്ചുകയറ്റിയതാണ് മരണത്തിലേക്കു നയിച്ചതെന്ന ദൃക്സാക്ഷിമൊഴി കോടതി പരിഗണിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഝാര്‍ഖണ്ഡ് പോലീസ് കേസെടുത്തിരുന്നത്.

Back to top button
error: