KeralaNEWS

അധോലോകം മലബാറിൽ പൂണ്ടു വിളയാടുന്നു, സ്വർണ കള്ളക്കടത്തിൻ്റെ പേരിൽ കൊല്ലപ്പെടുന്നത് അസംഖ്യം യുവാക്കൾ; കോഴിക്കോട് കാണാതായ റിജേഷിനും സ്വർണക്കടത്ത് ബന്ധമെന്ന് സശയം

കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്രയുവാക്കളാണ് സ്വർണ കള്ളക്കടത്തിൻ്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്. അഗളി സ്വദേശി അബ്ദുൾ ജലീലും കാസർകോട് കുമ്പളയിലെ അബൂബക്കര്‍ സിദ്ദീഖും പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദും തുടങ്ങി സ്വർണ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇഞ്ചോടിഞ്ച് തല്ലിച്ചതച്ച് കൊലപ്പെടുത്തിയവർ നിരവധി.

അബ്ദുൾ ജലീലിനും അബൂബക്കര്‍ സിദ്ദീഖിനും ഇർഷാദിനും ദീപക്കിനും പിന്നാലെ കോഴിക്കോട് ജില്ലയിൽ നിന്ന് മറ്റൊരു യുവാവിൻ്റെ തിരോധാനത്തിലും സ്വർണക്കടത്ത് സംഘമാണെന്ന് സംശയം. ചെക്യാട്  നിന്ന് കാണാതായ, ഖത്തറിൽ ജോലി ചെയ്തിരുന്ന റിജേഷി( 35) നാണ് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നത്. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Signature-ad

ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല.  ഖത്തറിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ റിജേഷിനെ അന്വേഷിച്ച് പല തവണ വീട്ടിൽ എത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.

റിജേഷിൻ്റെ മാതാപിതാക്കളുടെ പരാതിയിൽ  വളയം പൊലീസ് കേസെടുത്ത്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് നിഗമനം. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇ‍ർഷാദിൻ്റെ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുൻപാകെ എത്തിയത്.

റിജേഷിനെ കാണാതായ സംഭവത്തിൽ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നുകിൽ നാട്ടിലെത്തിയ റിജേഷിനെ ഈ അധോലോകസംഘം പിടികൂടുകയോ തട്ടിക്കൊണ്ടു പോകുകയോ ചെയ്തിരിക്കാം. അല്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിൻ്റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. അതേസമയം റിജേഷിനെ കാണാതായിട്ട് ഒന്നരമാസത്തിലേറെയായെങ്കിലും   ഭീഷണി കാരണമാണ് പരാതി നൽകാതിരുന്നതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

Back to top button
error: