NEWS

ഇഡിയും മോഡിയും ഇന്ത്യയെ വരിഞ്ഞുമുറുക്കുമ്പോൾ

ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപി നയമെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേരെ അവരുടെ മുഷ്ടി നീളാറുണ്ട്.മഹാരാഷ്ട്രയിലും ബംഗാളിലും ഗോവയിലും എന്തിനേറെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും സിപിഐഎമ്മിനെതിരെയും വരെ അത് പലപ്പോഴായി പലരീതിയിൽ നാം കണ്ടിട്ടുണ്ട്.
സ്വപ്നയും ബിരിയാണി ചെമ്പും ഇഡിയും സീഡിയുമെല്ലാം അതിന്റെ ബാക്കി പത്രം മാത്രം.ഒരുപക്ഷെ കേരളത്തിലും തമിഴ്നാട്ടിലും മാത്രമായിരിക്കും ബിജെപിയുടെ ‘രണ്ടാംകിട’ വേലകൾ നടക്കാതിരിന്നിട്ടുള്ളത്.
ഇപ്പോഴിതാ നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ചിരിക്കുകയാണ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ബിജെപിയുടെ ലക്ഷ്യം.അതില്‍ അവർ വിജയിക്കുകയും ചെയ്തിരിക്കുന്നു.
സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥര്‍ പാര്‍ട്ടി രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയെയും ചോദ്യം ചെയ്തിരിക്കുന്നു.കോണ്‍ഗ്രസില്ലാത്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി ഏതറ്റം വരെയും പോകാൻ മടിയില്ലെന്ന് ബി.ജെ.പി മുൻപും തെളിയിച്ചിട്ടുള്ളതാണ്.
 ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്.രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയിറങ്ങിയത്.ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയായിരുന്നു അത്.അതേസമയം വ്യാജവാർത്തയും മതസ്പർദ്ധയുമായി ബിജെപി അനുഭാവ പത്രങ്ങളും ചാനലുകളും രാജ്യത്തുടനീളം അരങ്ങ് കൊഴുപ്പിക്കുകയാണ്.
വെള്ളിയാഴ്ച കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ വലിയ പ്രകടനമാണ് നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയുടെ വസതിക്കു മുന്നിലേയ്ക്കായിരുന്നു പ്രകടനം.ജന മുന്നേറ്റത്തെ തടയാന്‍ പോലീസ് സന്നാഹം ഏറെ പണിപ്പെട്ടു. ബി.ജെ.പിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച്‌ കോണ്‍ഗ്രസ് നടുറോഡിലേയ്ക്കിറങ്ങിയ സമയത്തു തന്നെയായിരുന്നു ഇഡി നാഷണൽ ഹെറാള്‍ഡിന്റെ ഓഫീസിലേക്ക് കയറി ചെന്നതെന്നും ശ്രദ്ധേയം.കാലാകാലങ്ങളായി ബംഗാളിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ പലരെ ചോദ്യം ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ്‌ ചെയ്യാൻ ഇഡിക്കും മോഡിക്കും ആയിട്ടില്ലെന്നതും ശ്രദ്ധേയം.
കോടികളുടെ കുതിരക്കച്ചവടം വഴി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുക, തങ്ങളുടെ ചൊൽപ്പടിക്ക് വഴങ്ങാത്തവരെയും നേരിന്റെ പക്ഷം പിടിച്ചു നീങ്ങുന്നവരെയും കള്ളക്കേസിൽ കുടുക്കുക, അതിനായി ദേശീയ അന്വേഷണ ഏജൻസികളെപ്പോലും ദുരുപയോഗപ്പെടുത്തുക തുടങ്ങി ഭരണം പിടിക്കാൻ എന്ത് വളഞ്ഞവഴിയും സ്വീകരിക്കാൻ മടിക്കില്ലെന്ന് ബിജെപി ഇതോടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: