മനാമ: ബഹ്റൈനില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ കോടതിയില്‍ നടപടി തുടങ്ങി. മനാമയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 36ഉം 44ഉം 47ഉം വയസ് പ്രായമുള്ള സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഒളിവിലുള്ള ഒരു പ്രതിയുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ തുടങ്ങിയത്. 24 വയസുകാരിയായ ഒരു യുവതിയെ തട്ടിക്കൊണ്ട് പോയതിനും അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
ഇരകളാക്കപ്പെടുന്ന യുവതികളെ ഉപയോഗിച്ച് അനധികൃതമായി പ്രതികള്‍ പണം സമ്പാദിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്‍താണ് ഇവര്‍ 24 വയസുകാരിയെ സ്വന്തം നാട്ടില്‍ നിന്ന് ബഹ്റൈനില്‍ എത്തിച്ചതെന്ന് ഇവര്‍ പ്രോസിക്യൂഷനോട് പറഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോള്‍ സംഘത്തിലെ ഒരാള്‍ ടാക്സി അയച്ച് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചത്.
യുവതി വിസമ്മതിച്ചപ്പോള്‍ 900 ദിനാര്‍ (1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കിയാല്‍ മോചിപ്പിക്കാമെന്നായിരുന്നു മറുപടി. പിന്നീട് ഇവര്‍ യുവതിയെ 500 ദിനാറിന് ‘വിറ്റു’ എന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. മോചിപ്പിക്കണമെങ്കില്‍ 1200 ദിനാര്‍ വേണമെന്നായി പിന്നീട് ആവശ്യം. സംഘത്തിലെ ഒരു സ്‍ത്രീ, യുവതിയെ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്‍തു. ഇവരുടെ ശരീരത്തിന്റെ വിവിധയിടങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നെന്ന് ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടും വ്യക്തമാക്കി.
പൂട്ടിയിടപ്പെട്ട യുവതി തന്റെ രാജ്യത്തിന്റെ എംബസിയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവിടെ പരിശോധന നടത്തുകയായിരുന്നു. പൊലീസ് അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ സംഘത്തിലെ ഒരു യുവതി മാത്രം പുറത്തേക്ക് വന്ന് വീട്ടില്‍ മറ്റാരുമെന്നില്ലെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. എന്നാല്‍ അകത്ത് നിന്ന് ഒരാള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നത് അവര്‍ കേട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് മൊഴി നല്‍കി.
യുവതിയെ 20 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് ഇവര്‍ പിന്നീട് ചോദ്യം ചെയ്യലില്‍ പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചു. സംഘത്തിലെ ഒരു സ്‍ത്രീ, ബഹ്റൈനില്‍ വലിയ മനുഷ്യക്കടത്ത് ശൃംഖല തന്നെ നടത്തിയിരുന്നുവെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ തിരിച്ച് നാട്ടിലേക്ക് അയക്കാന്‍ 640 ദിനാര്‍ ആവശ്യപ്പെട്ട കാര്യവും ഇവര്‍ സമ്മതിച്ചു. ഓരോ ഉപഭോക്താവില്‍ നിന്നും വാങ്ങിയിരുന്ന പണത്തിന്റെ കണക്കുകളും ഇപ്രകാരം സമ്പാദിച്ച പണത്തിന്റെ അളവുമെല്ലാം ഇവര്‍ ചോദ്യം ചെയ്യലില്‍ വിശദീകരിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു.