പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം. കേരള സര്‍ക്കാര്‍ 2000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് സാഹചര്യത്തിലടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനം സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവാസികളുടെ പ്രശ്നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രവാസികളുടെ പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ സമ്മതിച്ചു. എന്നാല്‍ പാക്കേജ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രനിലപാട്.15ാം ധനകാര്യകമ്മീഷന്റെ കണക്ക് പ്രകാരം 2021 മുതല്‍ 2026 വരെ സംസ്ഥാനത്തിന് നല്‍കേണ്ട 37,814 കോടിയാണെന്നും ഇതില്‍ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട 19,891 കോടി നല്‍കിയെന്നും കൂടാതെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് നല്‍കേണ്ട 13,174 കോടിയില്‍ 4,391 കോടി രൂപ ഇതുവരെ നല്‍കിയെന്നുമുള്ള സ്ഥിതിവിവര കണക്കുകള്‍ ഉദ്ധരിച്ച് പുനരധിവാസ പാക്കേജിന് ധനസഹായം നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കേന്ദ്രം ശ്രമിച്ചത്. ഇതിനായി ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് നിയമപരമായി അര്‍ഹതപ്പെട്ട തുകകള്‍ കേന്ദ്രം നല്‍കിയതു പോലും സംസ്ഥാനത്തിന് നല്‍കുന്ന സൗജന്യമായാണ് ചിത്രീകരിച്ചത്. എന്നാല്‍ ജിഎസ്ടി നഷ്ടപരിഹാരം എന്നത് സംസ്ഥാന സര്‍ക്കാറുകളുടെ നികുതി അധികാരം കേന്ദ്രം കവര്‍ന്നെടുത്തതിനു പകരമായി നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം ആണെന്നത് സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ടാണ് ഇപ്രകാരമുള്ള കേന്ദ്ര നിലപാട്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ തുക തന്നിട്ടില്ലെന്നിരിക്കെ നിലവില്‍ അനുവദിച്ച തുകകളില്‍ നിന്നും പ്രവാസികളുടെ പുനരധിവാസത്തിനുള്ള തുക കണ്ടെത്താനാണ് കേന്ദ്ര മറുപടി.