CrimeNEWS

ജര്‍മ്മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പക്കമേളക്കാരില്‍ നിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ ക്ഷേത്രപൂജാരി പിടിയില്‍

ചെന്നൈ: ജര്‍മ്മനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നാദസ്വരം, തകില്‍ വിദ്വാന്‍മാരില്‍ നുന്ന് 54 ലക്ഷം രൂപ തട്ടിയെടുത്ത ക്ഷേത്രപൂജാരി പിടിയില്‍. മയിലാടുംതുറ തിരിവിഴന്തിയൂരില്‍ ക്ഷേത്രപുരോഹിതനായ പൂര്‍ണചന്ദ്രനാണ് പക്കമേളക്കാരെ കബളിപ്പിച്ച് പണം തട്ടിയത്. ജര്‍മനിയില്‍ പക്കമേളക്കാര്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഇന്ത്യക്കാരുടെ ചടങ്ങുകളിലും ഇന്ത്യന്‍ വംശജര്‍ പോകുന്ന ക്ഷേത്രങ്ങളിലും നാദസ്വരം, തകില്‍ വാദകരെ ആവശ്യമുണ്ടെന്ന് ഇയാള്‍ പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്ക് വരുന്ന പക്കമേളക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇവരുമായി പരിചയമുള്ള വേറെ പക്കമേളക്കാരെയും പ്രതിമാസം ഒരു ലക്ഷം രൂപ വരെ പ്രതിഫലം കിട്ടുമെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കി.

26 പക്കമേളക്കാരില്‍ നിന്നായി 54 ലക്ഷം രൂപ ഇയാള്‍ വാങ്ങി. രണ്ടും മൂന്നും ലക്ഷം രൂപ വീതം ഓരോരുത്തരില്‍ നിന്നും പിരിച്ചു. ഇതില്‍ 15 പേരെ കഴിഞ്ഞ മാസം 28ന് ജര്‍മനിക്ക് കയറ്റിവിടാന്‍ മയിലാടുതുറയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. ശേഷം ഇവരെ വിമാനത്താവളത്തിലുപേക്ഷിച്ച് പൂര്‍ണചന്ദ്രന്‍ മുങ്ങി. വിശ്വാസം ഉറപ്പിക്കാന്‍ വ്യാജ വിസ വരെ നല്‍കിയിരുന്നു. തിരുപ്പുങ്കൂര്‍, സീര്‍കാഴി, തൃക്കടയൂര്‍, തിരുവഞ്ചഞ്ചേരി, പെരുഞ്ചേരി സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും.

സംഗീതജ്ഞരുടെ പരാതിയെത്തുടര്‍ന്ന് മയിലാടുതുറ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതിക്കായി തെരച്ചില്‍ നടത്തിവരുകയായിരുന്നു. പൂര്‍ണചന്ദ്രയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ചെന്നൈ പൂന്തമല്ലിയില്‍ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. പണവുമായി മലേഷ്യക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: