KeralaNEWS

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഭാരതപ്പുഴ, മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡമിന്റെ 4 ഷട്ടറുകള്‍ തുറന്നു.
10 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ രാവിലെ 9 മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പിന്നീട് ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നുമണിയോടുകൂടി തുറക്കുകയായിരുന്നു. പരമാവധി 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമിന്റെ നിലവിലെ ജലനിരപ്പ് 112.36 മീറ്റര്‍ ആണ്. റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 36 സെന്റീമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 53 സെന്റീമീറ്റര്‍ വീതം തുറന്നു. മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നു. തമിഴ്നാട് ആളിയാര്‍ ഡാം: ഏഴ് ഷട്ടറുകള്‍ 24 സെന്റീമീറ്റര്‍ വീതം തുറന്നു.

Signature-ad

മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 80 സെന്റീ മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പിനെക്കാള്‍ കൂടുതലാണ്. 11 മണിയോടെയാണ് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇന്നലെ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 94 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു. സെക്കന്റില്‍ 1000 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവില്‍ ഷട്ടര്‍ തുറന്നത്.

ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലത്ത് തെന്മല പരപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 സെന്റീമീറ്റര്‍ വീതം മൂന്നു തവണയായാണ് 30 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തിയത്. മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ നാളെ 50 സെന്റീമീറ്റര്‍ വരെയാക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കല്ലടയാറ്റിന്റെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: