റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കൽ-പള്ളി പ്പടി റോഡിന് ഫണ്ട് അനുവദിച്ച എംഎൽഎയുടെ പേരിന് പകരം മുൻ എംഎൽഎയുടെ പേര് ഫ്ലക്സിൽ വച്ചത് വിവാദമാകുന്നു.
ഇപ്പോഴത്തെ റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായനാണ് റോഡിന്റെ വികസനത്തിനായി 50,0000 രൂപ ഫണ്ട് അനുവദിച്ചത്.എന്നാൽ വാർഡ് മെമ്പർ സാബു പാരുമലയ്ക്കൊപ്പം ഫ്ലക്സിൽ ഉള്ളത് മുൻ എംഎൽഎ രാജു ഏബ്രഹാമിന്റെ ഫോട്ടോയാണ്.
25 വർഷം സിപിഐഎം കൈവച്ചിരുന്ന സീറ്റ് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് എമ്മിന് കൈമാറിയത്.നിലവിൽ കേരള കോൺഗ്രസ് എമ്മിലെ അഡ്വ പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ.അതിന് മുൻപ് കാൽനൂറ്റാണ്ടോളം രാജു ഏബ്രഹാമായിരുന്നു റാന്നി എംഎൽഎ.
കഴിഞ്ഞ തവണ സീറ്റ് കൈമാറിയപ്പോൾ മുതൽ അണികൾക്കിടയിലുണ്ടായ അമർഷമാണ് ഫ്ലക്സിന്റെ രൂപത്തിൽ പുറത്തുവന്നതെന്നാണ് വിലയിരുത്തൽ.സിപിഐഎം ചെറുകുളഞ്ഞി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ്.