KeralaNEWS

ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നെങ്കിലും നിയന്ത്രണ വിധേയം, ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ വീടൊഴിഞ്ഞിരുന്നെങ്കിലും ഇന്ന് ആശങ്ക വേണ്ടെന്ന് അധികൃതർ; ഈ കാലവർഷത്തിൽ 23 മരണങ്ങൾ

അണക്കെട്ടുകൾ തുറന്നതും ഒപ്പമുള്ള ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും  മൂലം രൂക്ഷമായ മഴക്കെടുതിക്കു നേരിയ ശമനം. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നെങ്കിലും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.

പെരിങ്ങൽക്കുത്ത്, തമിഴ്നാട് ഷോളയാർ, കേരള ഷോളയാർ എന്നീ അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നെങ്കിലും നിയന്ത്രണ വിധേയമാന്നെന്നും പരിഭ്രാന്തി വേണ്ടെന്നും റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. ഇന്നലെ സന്ധ്യയോടെ ജലനിരപ്പ് 6.9 മീറ്ററായതോടെ ജനങ്ങൾ വീടൊഴിഞ്ഞു തുടങ്ങിയിരുന്നു. 8.1 മീറ്ററാണ് അപകടനില.
മൂഴിയാർ, മണിയാർ, ഭൂതത്താൻകെട്ട് ഉൾപ്പെടെ വലുതും ചെറുതുമായ 23 അണക്കെട്ടുകൾ തുറന്നു. മലമ്പുഴ ഡാം ഇന്ന് തുറക്കും.

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ടിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടതിനെത്തുടർന്ന് തമിഴ്നാട് ആദ്യ ജാഗ്രതാനിർദേശം നൽകി. 2018-ലെ പ്രളയകാലത്തെപ്പോലെ ആളുകൾ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു
വെള്ളിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദസാധ്യതയും അറബിക്കടലിൽ ശക്തമായ കാറ്റിന്റെ സാധ്യതയുമുണ്ട്.

വ്യാഴാഴ്ച തോട്ടിൽ വീണ് കാസർകോട് പാണത്തൂരിൽ എം. രാഘവൻ (64) മരിച്ചു. തൃശ്ശൂർ ചേറ്റുവയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ എന്ന വർഗീസിന്റെയും കാസർകോട് വെള്ളരിക്കുണ്ട് ഭീമനടി കൂരാക്കുണ്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ലതയുടെയും മൃതദേഹം കണ്ടെത്തി. ഇവരുൾപ്പെടെ 23 മരണങ്ങളാണ് ഈ കാലവർഷത്തിൽ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലർട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.

Back to top button
error: