ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയും തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും കുടുംബവും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ച് ഒടുവിൽ വഴി തെറ്റി കാർ തോട്ടിലേയ്ക്കു മറിഞ്ഞു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലാണ് സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും.
ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.
ഈ സമയം സമീപവാസികൾ ചേർന്ന് വടം ഇട്ടു കൊടുത്ത് വലിച്ച് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തു. തുടർന്നു ഇവരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് ധരിക്കാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ഇവിടെ നിന്നും ബന്ധുക്കളോടൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനു ശേഷം ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ്, അഗ്നിരക്ഷാ സേനാ സംഘങ്ങൾ സ്ഥലത്ത് എത്തി. കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കുണ്ടായിരുന്നില്ല.
തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ(32), അമ്മ ശോശാമ്മ(65), സഹോദരൻ അനീഷ്(21), സോണിയുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.