രക്തയോട്ടം സുഗമമാക്കുന്നു
വെളുത്തുള്ളിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ എളുപ്പമാക്കുന്നു. ഒരു ദിവസം നാല് അല്ലി വെളുത്തുള്ളി ചവച്ചു തിന്നുന്നതും രക്തയോട്ടം സുഗമമാക്കാന്‍ ഉത്തമമാണ്.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. പല പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ കുറച്ച് സമയമെടുക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയുന്നു.രക്തക്കുഴലുകളെ റിലാക്സ് ആക്കുന്നതിലൂടെയും പ്ലേറ്റ്ലെറ്റ് അഗ്രഗേഷന്‍ തടയുന്നതിലൂടെയുമാണ് ഹൃദ്രോഗ സാധ്യത കുറയുന്നത്. വെളുത്തുള്ളിയിലെ നൈട്രിക് ഓക്സൈഡുകളാണ് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുന്നത്. ഇത് പ്ലേറ്റലെറ്റുകളെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കുന്നത് തടയുന്നു, രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു.
ജലദോഷത്തിനും പനിക്കും വെളുത്തുള്ളി
പാകം ചെയ്യുന്ന വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. ജലദോഷ ലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് ഒന്നര ദിവസമായി കുറച്ചതായും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജലദോഷം അനുഭവപ്പെടുമ്ബോള്തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ചേര്‍ത്തോളൂ.
ക്ഷീണം അകറ്റുന്നു
പ്രാചീന കാലം മുതല്‍ വെളുത്തുള്ളി ശാരീരികാദ്ധ്വാനം ചെയ്യുന്നവരുടെ ക്ഷീണമകറ്റനായി ഉപയോഗിച്ചിരുന്നു. കായിക താരങ്ങളുടെ മികച്ച പ്രകടനത്തിനായി ഭക്ഷണത്തില്‍ കൂടുതലായി വെളുത്തുള്ളി ചേര്‍ത്തിരുന്നു. ഇപ്പോള്‍ അത്ലറ്റുകളും സാധാരണക്കാരായ ആളുകളും വ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു.
അസ്ഥികളെ ഉറപ്പുള്ളതാക്കുന്നു
സ്ത്രീകളില്‍ ഈസ്ട്രജന് വര്‍ധിപ്പിച്ച് എല്ലുകളുടെ നഷ്ടം കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. ഇത് ആര്‍ത്തവവിരാമ ശേഷം ഉണ്ടാകുന്ന അസ്ഥി ബലക്ഷയത്തെ കുറയ്ക്കുന്നു.ഭക്ഷണത്തില്‍ ദിവസവും വെളുത്തുള്ളി ചേര്‍ക്കുന്നത് നിങ്ങളുടെ ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഓര്‍മശക്തി മികച്ചതാക്കുന്നു
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഓര്‍മക്കുറവുണ്ടാക്കുന്ന എസ്-അലൈല്‍ സിസ്റ്റീനെ ചെറുക്കാന്‍ സഹായിക്കുന്നു. ഈ ആന്റിഓക്സിഡന്റ് തലച്ചോറിന്റെ തകരാറില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രായമാകുന്തോറും നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് തലച്ചോറിന്റെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇത് ഡിമെന്‍ഷ്യ, അല്‍സ്ഹൈമേഴ്സ് രോഗം തുടങ്ങിയ മസ്തിഷ്ക വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നു.