CrimeNEWS

കുടുംബസമേതം ആഡംബര കാറിലെത്തി മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍

ഇടുക്കി: കുടുംബസമേതം ആഡംബര കാറിലെത്തി മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദി (31)നെയാണ് മൂന്നാര്‍ പോലീസ് രഹസ്യനീക്കത്തിലൂടെ പിടികൂടിയത്.

കഴിഞ്ഞവര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. മൂന്നാറിലെ മൊബൈല്‍ വ്യാപാരസ്ഥാപനമായ മൊബൈല്‍ ബേസില്‍ ആഡംബരക്കാറിലെത്തിയ ഇയാള്‍, പള്ളിവാസല്‍ മൂലക്കായില്‍ സ്വകാര്യ റിസോര്‍ട്ട് 16 കോടി രൂപയ്ക്ക് വാങ്ങാന്‍ പോകുകയാണെന്നും അവിടുത്തെ നിലവിലെ മാനേജരാണ് തന്നോടൊപ്പമുള്ളതെന്നും പരിചയപ്പെടുത്തി. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജര്‍. തുടര്‍ന്ന് തന്റെ കൈവശമുള്ള രണ്ട് ആപ്പിള്‍ ഫോണിന് 1,59000 രൂപ വില പറഞ്ഞുറപ്പിച്ചു.

Signature-ad

ശേഷം 1,29000 രൂപയുടെ സാംസങ്ങ് മൊബൈല്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. പകരം ആപ്പിള്‍ ഫോണ്‍ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോള്‍ 30000 രൂപ നല്‍കണമെന്നും പറഞ്ഞുപോയി. അടുത്തദിവസം താന്‍ എറണാകുളത്താണെന്ന് വിശ്വസിപ്പിച്ചശേഷം മാനേജറെ പ്രതി വ്യാപാരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ബാക്കിതുകയായ 30000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.

വ്യാപാരി പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പ്രതി മടങ്ങിയെത്തുകയോ ഫോണ്‍ നല്‍കുകയോ ചെയ്തില്ല. താമസിച്ചിരുന്ന റിസോര്‍ട്ടിലും ഇയാള്‍ പണം നല്‍കിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതായതോടെയാണ് കബളിക്കപ്പെട്ടത് വ്യാപാരിയും റിസോര്‍ട്ട് ജീവനക്കാരനും അറിഞ്ഞത്. തുടര്‍ന്ന് വ്യാപാരി നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, സൈബര്‍ സെല്ലിന്റ സഹായത്തോടെ പ്രതിയെ മലപ്പുറം തലപ്പാറയിലെ ആഡംബര റിസോര്‍ട്ടില്‍നിന്നു പിടികൂടുകയായിരുന്നു.

അടുത്ത തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കുടുംബസമേതം ആഡംബര കാറിലെത്തി വലിയ തട്ടിപ്പുകള്‍ നടത്തി മടങ്ങുകയാണ് പ്രതിയുടെ പതിവുരീതി. മൂന്നാറിന്റ സമീപ പ്രദേശങ്ങളിലും മറ്റ് ജില്ലകളിലും ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Back to top button
error: