കോട്ടയം: കഴിഞ്ഞ ഡിസംബറിൽ കോട്ടയം കൊടുന്തറ കെ.സി.തോമസുകുട്ടിയുടെ കൃഷിയിടത്തിൽ വിളവെടുത്തത് നാട്ടിലെ ഏറ്റവും വലിയ ചേനയായിരുന്നു.പേര്: ഗജേന്ദ്ര ചേന.
56 കിലോ തൂക്കമുള്ള ഒറ്റച്ചേനയാണ് വിളവെടുത്തത്.ശരാശരി 50, 52 കിലോ വരുന്നതായിരുന്നു ചേനകൾ എല്ലാം തന്നെ.ചൊറിച്ചിൽ ഇല്ലാത്തതും നാടൻ ചേനയെക്കാൾ പെട്ടെന്നു വേവുകയും ചെയ്യുന്ന ഇനമാണ് ഗജേന്ദ്ര ചേന. നല്ല മാംസളമായ ഉൾഭാഗവുമുണ്ട്. മറ്റു ചേനകളെക്കാൾ അഴകിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഒരു ചേന നട്ടു 9 മാസം ആകുമ്പോഴേക്കും വിളവെടുപ്പിന് പാകമാവും.
സുഹൃത്തിൽ നിന്നും 10 കിലോ ഗജേന്ദ്ര ചേന വാങ്ങിയാണ് തോമസുകുട്ടി തന്റെ കൃഷിയിടത്തിൽ പുതിയ കൃഷി ആരംഭിച്ചത്. 56 മൂടാണ് നട്ടത്. തോമസുകുട്ടി ഇതിനു മുൻപ് 62 കിലോ തൂക്കം വരുന്ന ചേന, 300 കിലോ തൂക്കമുള്ള കാച്ചിൽ, ഒരു മൂട്ടിൽ നിന്നു 100 കിലോ കപ്പ എന്നിവയും ഉൽപാദിപ്പിച്ചിട്ടുണ്ട്.
സ്വന്തം സ്ഥലത്തിനു പുറമേ വാഴൂർ, കൂരോപ്പട, കങ്ങഴ തുടങ്ങിയ ഇടങ്ങളിൽ 3 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തും തോമസുകുട്ടി കൃഷി ചെയ്യുന്നുണ്ട്. ചെറുകിഴങ്ങ്, നനകിഴങ്ങ്, വൻ കിഴങ്ങ്, ചേമ്പിന്റെ വിവിധ ഇനങ്ങളായ കണ്ണൻ ചേമ്പ്, താമരക്കണ്ണൻ, ആറ്റുകണ്ണൻ, ആറാട്ടുപുഴ എന്നിവയും ചുവന്ന ഇഞ്ചി, ഇസ്രയേൽ മഞ്ഞൾ, അടതാപ്പ് എന്നിവയും തോമസുകുട്ടിയുടെ മുഖ്യ കൃഷിയിനങ്ങളാണ്.
ചേന നടുന്നത്
ചേന നടാൻ ഒരുങ്ങുമ്പോൾ തന്നെ മണ്ണ് നന്നായി കിളച്ച് ഒരുക്കണം. അതിനുശേഷം ചേന 4 കഷ്ണം ആയി മുറിക്കണം. ഒരു വിത്തു ചേന ശരാശരി അരക്കിലോയെങ്കിലും ഉണ്ടെങ്കിൽ അതിൽനിന്ന് നല്ല രീതിയിലുള്ള വിളവെടുപ്പ് സാധ്യമാകൂ. ഓരോ വിത്ത് ചേന കഷണത്തിലും ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം.
ചേന നട്ടു മൂന്നു വട്ടമെങ്കിലും വളം നൽകണം. കളകൾ പറിച്ചു മാറ്റാനും മറക്കരുത്. ചേന നട്ടു 20 ദിവസം കഴിഞ്ഞാലേ നന തുടങ്ങാൻ പാടുള്ളൂ. കാരണം ചേന മണ്ണിൽ ഇരുന്ന് ചുരുങ്ങി ചേരണം. ഇതു നട്ട് ഒരു മാസം കഴിയുമ്പോഴേക്കും മുള വരും. ഒന്നിലധികം മുള വന്നാൽ അതിൽ ആരോഗ്യമുള്ളതും മാത്രം നിർത്തുക.
നല്ല ഇളക്കമുള്ള മണ്ണിൽ കാൽ വട്ടത്തിൽ കുഴി ഒരുക്കി അടിവളമായി ചാണകപ്പൊടി ചേർത്ത് അതിനുശേഷം ചേന നടാം. അതിനുശേഷം ചാരവും ചാണകവും വിതറണം. ചാരവും ചാണകം വിതറിയ തിനുശേഷം മണ്ണ് ഇട്ടു മൂടുക. മണ്ണിൽ അമ്ലത്വം കുറയ്ക്കുവാൻ ചേന നട്ടതിനുശേഷം ഡോളമൈറ്റ് ഉപയോഗിക്കുന്നവരുമുണ്ട്. ഇതും ചേനയുടെ വളർച്ചയ്ക്ക് നല്ലതാണ്. അതിനുശേഷം കരിയിലകൾ കൊണ്ട് പുതയിടണം.
ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. ഇതിൽ ഗജേന്ദ്ര ചേനയാണ് കൂടുതൽ നല്ലത്.
ഔഷധ ഗുണങ്ങൾ കൂടുതലാണ് ചേനയ്ക്ക്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു.