KeralaNEWS

കണ്ണൂരില്‍ നാലിടത്ത് ഉരുൾ പൊട്ടി, മാതാവിന്റെ കയ്യില്‍ നിന്ന് തെന്നി വീണ്  മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മലവെള്ള പാച്ചിലില്‍ രണ്ട് പേരെ കാണാതായി. ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നദീറയുടെ മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ 8 മണിയോടെ കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് രാത്രി 10 ന് മലവെള്ള പാച്ചിലിൽ മാതാവിന്റെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു

വെളളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പെട്ടു പോവുകയായിരുന്നുവത്രേ. നദീറയെയും മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊളക്കാട് കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്സാണ് സമീറിന്റെ ഭാര്യയും ചെങ്ങന്നൂര്‍ സ്വദേശിനിയായ നദീറ. കഴിഞ്ഞ കുറച്ചുകാലമായി കൊളക്കാട് താമസിച്ചുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ഇതിനിടെ വെളളറയില്‍ ഉരുള്‍പൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന വെള്ളറയിലെ മണാലി ചന്ദ്രന്‍ (55), താഴെ വെള്ളറയിലെ രാജേഷ്(32) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചന്ദ്രന്റെ മകന്‍ റിവിനെ(22) അഗ്നിരക്ഷാസേന ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയതായി വിവരമുണ്ട്..

പലയിടത്തും വെള്ളം കയറി. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തലശേരി, മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു. കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുള്‍പൊട്ടി ചെക്കേരികണ്ടത്തില്‍ ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. നെടുംപൊയില്‍ ടൗണില്‍ പൂര്‍ണമായും വെള്ളം കയറി. കൊമ്മേരി, കറ്റിയാട്, പുന്നപ്പാലം, ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാര്‍പിച്ചു.

തൊണ്ടിയില്‍ ടൗന്‍ പൂര്‍ണമായും വെള്ളത്തിലായി. ഈഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. 20 ഓളം കടകള്‍ പൂര്‍ണമായും വെള്ളം കയറി നശിച്ചു.

മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെകണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മഴ കടുക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മീൻമുട്ടി, കുറുവ ദ്വീപ് എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു.

Back to top button
error: