കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആര്‍. ഗോപീകൃഷ്ണന്‍(65) അന്തരിച്ചു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടില്‍ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൂവാറ്റുപുഴ വെള്ളൂര്‍ ഭവനില്‍ വി.പി രാഘവന്‍ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ് ഗോപികൃഷ്ണന്‍. മൂവാറ്റുപുഴ നിര്‍മല കോളെജ്, പെരുന്ന എന്‍.എസ്.എസ് കോളെജ്, ബള്‍ഗേറിയയിലെ ജോര്‍ജ് ദിമിത്രോവ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ദീപികയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച ഗോപികൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ ആഭ്യന്തര കലാപകാലത്ത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഗോപികൃഷ്ണന്‍ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങില്‍ വി കരുണാകരന്‍ നമ്പ്യാര്‍ പുരസ്‌കാരം, കെ.സി സെബാസ്റ്റ്യന്‍ പുരസ്‌കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിനു പുറമെ ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷയും നിര്‍വഹിച്ചിട്ടുണ്ട്.
മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തില്‍. ഭാര്യ: ലീല ഗോപികൃഷ്ണന്‍. മക്കള്‍: വിനയ് ഗോപികൃഷ്ണന്‍ (ബിസിനസ്, ബാംഗ്‌ളൂര്‍), ഡോ. സ്‌നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂര്‍) മരുമകന്‍: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂര്‍).
ഗോപി കൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.