മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനും ശിവസേനയുടെ പ്രധാന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. റാവുത്തിന്റെ വസതിയില്‍ ഇ.ഡി. നടത്തിയ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത റാവുത്തിനെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകും.
ഗൊരേഗാവിലെ പത്രാചാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇഡി കേസ്. കേസില്‍ പ്രതിയായ പ്രവീണ്‍ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.
ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടില്‍ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റാവുത്തിന് മുന്‍പ് രണ്ടുവട്ടം ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു. രണ്ടാമത്തെ നോട്ടീസ് ജൂലൈ 27-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടുവട്ടവും ഹാജരായിരുന്നില്ല.
തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളുമാണെന്ന് സഞ്ജയ് റാവത്ത് നേരത്തെ പ്രതികരിച്ചു. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്‌നമില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് മറാത്തിയില്‍ ട്വീറ്റ് ചെയ്തു. ഇഡി പരിശോധന നടത്തുന്നത് അറിഞ്ഞ് റാവത്തിന്റെ വസതിക്ക് മുന്നില്‍ സേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു.