IndiaNEWS

പ്രവീണ്‍ നെട്ടാരു വധത്തില്‍ കര്‍ണാടക ബി.ജെ.പി പുകയുന്നു; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തി എബിവിപി

ബംഗളൂരു: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ കര്‍ണാടക ബിജെപിക്കുള്ളില്‍ അമര്‍ഷം ശക്തം. സര്‍ക്കാരിനെതിരേയുള്ള അമര്‍ഷം ശക്തമാക്കി മന്ത്രിമാരുടെ വീടുകളിലേക്കുള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയാണ്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. ഗേറ്റ് ചാടിക്കടന്ന് ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് വനിതകള്‍ ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാല്‍പ്പതോളം എബിവിപി പ്രവര്‍ത്തകരാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഈ സമയം മന്ത്രി ശിവമോഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. സ്റ്റാഫുകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുപ്പത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ചയും കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

കൊലപാതകത്തിനു പിന്നാലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും മുഖന്ത്രിക്കും മന്ത്രിമാര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെല്ലാം എതിരേ ശക്തമായ അമര്‍ഷമാണ് അണികള്‍ പ്രകടിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നാലെ മന്ത്രിയുടെ കാര്‍തല്ലിത്തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായതിന് പിന്നാലെയാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. ബിജെപി എംപിമാരടക്കം എന്‍ഐഎ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പ്രതികളുടെ കേരള ബന്ധം അടക്കം എന്‍ഐഎ പരിശോധിക്കും.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കര്‍ണാടകയില്‍ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്. മംഗ്ലൂരു നഗരപരിധിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

അതേസമയം, മംഗ്ലൂരു സൂറത്കലിലെ ഫാസില്‍ കൊലക്കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതക സംഘമെത്തിയ കാര്‍ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലയാളി സംഘത്തിന് സഹായം നല്‍കിയതും ഇയാളാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Back to top button
error: