ജിംനേഷ്യങ്ങൾക്ക് നവകാലഘട്ടത്തിലുള്ള പ്രാധാന്യം.
കഴിഞ്ഞദിവസം ബഹു:ഹൈക്കോടതി പറയുകയുണ്ടായി പ്രായഭേദമന്യേ, ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിൻറെ പുണ്യ സ്ഥലമായി ജിംനേഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന്. ആരോഗ്യമുള്ള നല്ല സമൂഹം എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കാൻ ജിംനേഷ്യം അല്ലെങ്കിൽ ഹെൽത്ത് ക്ലബ്ബുകൾ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്.
ബെൽ ബോട്ടം പാന്റും ബ്ലൗസ് പോലെ ഇറുകിയ ഷർട്ടും ധരിച്ച് മസിലും ഉരുട്ടി കയറ്റി, ശ്വാസം പിടിച്ചു നടന്നിരുന്ന എൺപതുകളിലെ ജയൻമോഡൽ സ്റ്റീൽ ബോഡി കാലഘട്ടത്തിൽ നിന്നും ജിംനേഷ്യം ഒരുപാട് പരിഷ്കൃതമായിരിക്കുന്നു. അത് കാലോചിതമായ ഒരു മാറ്റമാണ്. ശാസ്ത്രവും സമൂഹവും വലിയ കുതിച്ചുചാട്ടങ്ങളുമായി മുന്നേറുമ്പോൾ,മനുഷ്യശക്തിക്ക് അപ്രാപ്യമായ കഠിനകായിക അധ്വാനങ്ങൾക്ക് സ്വാഭാവികമായും യന്ത്രവൽക്കരണം അനിവാര്യമായി.
അവയവങ്ങൾ ആഹാരം കഴിക്കാനും മൃദുവായ ജോലികൾ ചെയ്യാനും വേണ്ടിയുള്ളത് മാത്രമായി. അതോടൊപ്പം ഭക്ഷണ സംസ്കാരത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. സുഖലോലുപത മാത്രം മുന്നിലുള്ള ജീവിത മത്സരത്തിൽ ബുദ്ധിശക്തി മുന്നിട്ടു നിൽക്കുകയും കായികശക്തി തുലോം കുറയുകയോ വേണ്ടാതാവുകയും ചെയ്തു. പക്ഷേ ഇത്തരം അവസ്ഥാന്തരങ്ങൾ ശരീരവും മാനസികവുമായ പലവിധ രോഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും ഇടയാക്കി.
കരൾ, കിഡ്നി, ഹൃദയം മുതലായവയെ ബാധിക്കുന്നതടക്കമുള്ള , കൊളസ്ട്രോൾ, പ്രഷർ, ഷുഗർ യൂറിക്കാസിഡ് മുതലായവ സ്ത്രീപുരുഷ പ്രായഭേദമന്യേ , ശരീരത്തെ ബാധിക്കുന്ന, ഏതൊരു രോഗാവസ്ഥയും ജീവിതശൈലി രോഗങ്ങൾ എന്ന ഓമനപ്പേരിൽ ഡോക്ടർമാർ വിലയിരുത്തുന്നു. ഇത്തരം ഒരു അവസ്ഥയ്ക്ക് ഏറ്റവും ഉചിതമായ മാർഗം വ്യായാമം ചെയ്യുക എന്നത് തന്നെയാണ് .വ്യായാമം ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും അതു മൂലം ജീവിതശൈലി രോഗങ്ങൾ തടയുകയും, വരാതിരിക്കുകയും ചെയ്യുന്നതിന് സഹായകമായി തീരുന്നു.
മാനസികമായ ആനന്ദവും ഉന്മേഷവും ഉറപ്പുവരുത്താൻ എക്സർസൈസിന് ആവുന്നുണ്ട്. ഏതൊരു വ്യായാമത്തിലൂടെയും ശരീരത്തെ ഹാപ്പി ഹോർമോണുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും ശരീരത്തിനും മനസ്സിനും ഉണർവും ഉന്മേഷവും പ്രധാനം ചെയ്യപ്പെടുന്നു.
സമയക്കുറവ് അല്ലെങ്കിൽ അധ്വാന ലാഭം എന്നീ ന്യായീകരണങ്ങൾ ഇല്ലാത്ത കാരണങ്ങൾ കൊണ്ട് മാത്രം, ഏതൊരു ആവശ്യത്തിനും ചെറിയൊരു ദൂരം സഞ്ചരിക്കുന്നതിന് പോലും നാം വാഹനങ്ങളെ ആശ്രയിക്കുന്നു അല്ലെങ്കിൽ ഓൺലൈൻ സംവിധാന ങ്ങളെ പ്രയോജനപ്പെടുത്തുന്നു.
അഞ്ചുനില വരെയുള്ള കെട്ടിടങ്ങൾ നടന്നു കയറുന്നതാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തിന്റെ ലക്ഷണം. എന്നാൽ അലസതയും മടിയും മൂലം വീടിനുള്ളിൽ പോലും നടക്കാൻ മടിയുള്ള നാം അനാരോഗ്യവും രോഗങ്ങളും ക്ഷണിച്ചു വരുത്തുകയാണ്. ഇത്തരം ലൈഫ് സ്റ്റൈൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുമ്പോൾ മാത്രമാണ് നാം വ്യായാമത്തേകുറിച്ചും ജിമ്മിനെ കുറിച്ചും ചിന്തിക്കുന്നത്.
നമുക്കിടയിൽ, എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ, ഡോക്ടറുടെ നിർദ്ദേശപ്രകാരമോ, അല്ലെങ്കിൽ വിവാഹം, മോഡലിൽ സിനിമ പോലെയുള്ള മേഖലകളിൽ അവസരം ലഭിക്കുന്ന ആവശ്യങ്ങളിൽ മാത്രമാണ് ജിമ്മിനെ കുറിച്ച് ഗൗരവമായി ആളുകൾ ചിന്തിച്ചു തുടങ്ങുന്നത്. ശരിയായ ഒരു വ്യായാമ സംസ്കാരം നമ്മളിൽ ഇല്ലാതെ പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതചര്യ പോലെ എല്ലാ കാലവും എല്ലാദിവസവും കൃത്യമായി പാലിച്ചു പോരേണ്ട ഒന്നാണ് വ്യായാമം.
സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ് ആദ്യം വേണ്ടത്. കൃത്യതയോടെ ശരിയായ രീതിയിൽ വ്യായാമം ചെയ്യുമ്പോൾ നാം ആർജിക്കുന്ന ആകാരസൗഷ്ഠവം സമൂഹത്തിൽ ആരോഗ്യകരമായ ഒരു അംഗീകാരം നമുക്ക് ലഭ്യമാക്കുന്നു. അത് നമ്മളിൽ വലിയ ആത്മവിശ്വാസവും ധൈര്യവും നിറയ്ക്കുന്നു. നിലവിലെ ശരീരഘടന പലരെയും ജിമ്മിൽ വന്നുള്ള എക്സസൈസിൽ ഏർപ്പെടാൻ മടിക്കുന്നു എന്നത് ഒരു വാസ്തവമാണ്. ജിമ്മിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ തന്നെക്കുറിച്ച് തന്നെയുള്ള തൻറെ അവമതിപ്പണ് ഇതിനു കാരണം. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം, അവരും ആദ്യം തന്നെ പോലെ തന്നെയായിരുന്നു എന്നും വ്യായാമത്തിലൂടെയാണ് അവർ ഈ നേട്ടം കൈവരിച്ചതും എന്നുള്ള സത്യം .
ട്രെയിനറുടെ കൃത്യമായ നിർദ്ദേശപ്രകാരം ശരിയായ രീതിയിൽ എല്ലാ ദിവസവും വ്യായാമം ചെയ്താൽ തീർച്ചയായും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വാഭാവികമായ ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് തീർച്ചയായും സാധിക്കും. ജിമ്മിൽ ജോയിൻ ചെയ്താൽ ഉടൻതന്നെ വയറെല്ലാം കുറഞ്ഞ് സിക്സ് പാക്ക് ആവും എന്നാണ് പലരുടെയും ധാരണ. എന്നാൽ അത് വളരെ സാവധാനത്തിൽ സംഭവിക്കുന്ന ഒന്നാണ്. തുടക്കത്തിൽ ബോഡി പെയിൻ എല്ലാം മാറി ബാലൻസും സ്റ്റാമിനയും സ്ട്രെങ്തും ആർജിക്കാൻ തന്നെ ഒരു മാസം ചുരുങ്ങിയത് വേണ്ടിവരും. തുടർന്ന് നമ്മുടെ മെറ്റബോളിസം സാധാരണ നിലയിലേക്ക് എത്തുന്നതോടെ നാം ആരോഗ്യം വീണ്ടെടുത്തു തുടങ്ങും.
വ്യായാമത്തിലൂടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് മാത്രം കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നില്ല. പലരും മുഖം ക്ഷീണിക്കരുത് ,കവിൾ ഒ ട്ടരുത് ,വയർ മാത്രം എത്രയും പെട്ടെന്ന് കുറയ്ക്കണം എന്ന് വിചിത്ര നിർദ്ദേശങ്ങൾ ജിമ്മിൽ വരുമ്പോൾ ആവശ്യപ്പെടുന്നത് കാണാം. ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നും അനുപാതികമായി ഒരുപോലെയാണ് ഫാറ്റ് ബേൺ ചെയ്യുന്നത്. കൃത്യമായ ഭക്ഷണവും ശരിയായ വ്യായാമരീതിയും കൊണ്ട് മാത്രമേ നല്ല ആരോഗ്യമുള്ള ശരീരം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കു.
നാം ഒരു ദിവസം ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിച്ചാൽ ഒരിക്കലും നമ്മുടെ ഭാരമോ വയറോ കുറയുകയില്ല. ഒരു ദിവസം ശരാശരി 1200 മുതൽ 1500 കലോറി ഭക്ഷണം മാത്രം മതി എന്നിരിക്കെ, അതിൻറെ എത്രയോ കൂടുതലാണ് പലരും കഴിക്കുന്നത്. ഉദാഹരണത്തിന് ഒരു ബിരിയാണിയിൽ 1500 ആണ്. ഒരു മസാല ദോശ 400 കലോറിയും. ഒരു ഇഡലി 180 കലോറി ഉണ്ട് . ഈ ചെറിയ ഉദാഹരണത്തിൽ നിന്നും മാത്രം നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ലോകത്ത് ഏറ്റവുമധികം അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അമേരിക്ക കഴിഞ്ഞാൽ പിന്നെ മലയാളികളാണ് എന്ന് സത്യം നമ്മളിൽ ഞെട്ടൽ ഉളവാക്കുന്നതാണ്. പെൺകുട്ടികൾ വേഗം ഋതുമതികൾ ആകുന്നതും, ആൺകുട്ടികൾക്ക് സ്ത്രീകളുടെ സമാനമായ ശാരീരിക അവസ്ഥ കൈവരുന്നതും ഇതിൻറെ പാർശ്വഫലങ്ങളാണ്. പൊതുവേ മലയാളികളുടെ ഭക്ഷണ സംസ്കാരം തന്നെ കലോറി കൂടുതലുള്ളതാണ്. കാർബോഹൈഡ്രേറ്റും ഓയിലും സ്റ്റാർച്ചും മധുരവും കൂടുതൽ അടങ്ങിയ ഭക്ഷണ പാനീയങ്ങൾ അമിതമായി കഴിക്കുന്ന നാം പ്രോട്ടീനും വെജിറ്റബിൾസും ഫൈബർ കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് കുറവാണ്.
ആരോഗ്യ സംരക്ഷണത്തിന് സമീകൃതമായ ഒരു ഭക്ഷണ സംസ്കാരം നാം ആർജ്ജിച്ചേ മതിയാവൂ.അത് അത്ര കഠിനമായ സംഗതി ഒന്നുമല്ല. ഉദാഹരണത്തിന് പുട്ടും കടലയും കഴിക്കുമ്പോൾ, അത് കടലയും പുട്ട് എന്ന രീതിയിലേക്ക് മാറ്റിയാൽ മതി. അതായത് ഒരു കുറ്റി പുട്ടും കുറച്ചു കടലയും എന്നതിന് പകരം ഒരു കഷണം പുട്ടും കൂടുതൽ കടലയും എന്ന രീതിയിലേക്ക്, ഒന്നോ രണ്ടോ ഇഡ്ഡലി കഴിക്കുമ്പോൾ കൂടുതൽ സാമ്പാറോ മറ്റു കറികളോ ഉപയോഗിക്കുക. ഡിന്നർ രാത്രി 8:00 മണിക്ക് മുമ്പായി ലഘു ഭക്ഷണമായി കഴിക്കുക.സ്വയം അതിന് സാധിക്കുന്നില്ല എങ്കിൽ ഒരു ഡയറ്റീഷ്യൻറ സഹായം തീർച്ചയായും തേടേണ്ടതാണ്.
ഒരുമാസം ശരാശരി രണ്ടോ മൂന്നോ കിലോഗ്രാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന തരത്തിൽ വ്യായാമവും ഭക്ഷണവും ചിട്ടപ്പെടുത്തുന്നതാണ് നല്ലത്. കൂടുതൽ ഭാരം വളരെ വേഗം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഫാറ്റല്ല കൂടുതല് നീക്കം ചെയ്യപ്പെടുന്നത്, ഫ്ലാറ്റിനൊപ്പം ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും, മസിൽ ലോസ് ഉണ്ടാവുകയും ചെയ്യുന്നു. തന്മൂലം നമ്മൾ അസ്വാഭാവികമായ ക്ഷീണത്തിലേക്ക് പോവുകയും ചെയ്യും.
ക്ഷമയോടെ കൃത്യമായി ആറുമാസം വ്യായാമം ചെയ്താൽ തന്നെ 10 കിലോ ഭാരം കുറയ്ക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. കൂടുതൽ സമയം കഠിനമായ വ്യായാമത്തിൽ ഏർപ്പെടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടക്കുന്നത്. പേശികൾക്ക് ഉണ്ടാകുന്ന അമിത സമ്മർദ്ദം ശരീരത്തിൽ കോശങ്ങൾ പരിക്കോ നാശമോ സംഭവിക്കുകയും, അതുമൂലം ഫ്രീറാഡിക്കിൾ എന്ന ടോക്സിൻ അവസ്ഥ സംജാതമാവുകയും ചെയ്യും.
ഇത്തരം അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാതെ ഒരാവേശത്തിൽ ജിമ്മില് ജോയിൻ ചെയ്ത് പെട്ടെന്ന് തന്നെ റിസൾട്ട് പ്രതീക്ഷിച്ചു ,അത് ലഭിക്കാതെ വരുമ്പോൾ നിരാശരായി, ജിമ്മിനെയും ട്രെയിനറെയും ചീത്ത വിളിച്ച് വ്യായാമം എന്ന് പദ്ധതി ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷണം എന്നത് അപ്രാപ്യമായ കാര്യമൊന്നുമല്ല. ഓരോരുത്തരും അവനവൻ സന്തോഷത്തോടുകൂടി ഇരിക്കാനാണ് ആഗ്രഹിക്കുന്നത് .നാം സന്തോഷവാനായിരിക്കണമെങ്കിൽ നാം തന്നെ പരിശ്രമിക്കണം. അതിന് വ്യായാമം ഏറ്റവും നല്ലൊരു ഉപാധിയാണ്. തൻറെ സമ്പാദ്യം മുഴുവൻ ഹോസ്പിറ്റലിൽ കൊടുത്ത് അനിശ്ചിതാവസ്ഥയിൽ ജീവിതം തള്ളി നിൽക്കുന്നതിനേക്കാൾ നല്ലത് കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവെച്ച് സുന്ദരവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കുന്നതാണ്. ജിംനേഷ്യവും ഹെൽത്ത്ക്ലബ്ബുകളും തീർച്ചയായും അതിന് നിങ്ങളെ സഹായിക്കും.
വ്യായാമത്തിലൂടെ മാത്രമല്ല പുതിയ ബന്ധങ്ങളിലൂടെയും പുതിയ കാഴ്ചപ്പാടുകളലൂടെയും ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും പോസിറ്റീവായി നിങ്ങളെ മുന്നോട്ട് നയിക്കും. ക്ഷമയോടെ കുറച്ച് സമയം അതിനുവേണ്ടി പരിശ്രമിച്ചാൽ മാത്രം മതി.ഒരു ദേവാലയം പോലെ ശരീരത്ത സംരക്ഷിച്ചാൽ, മനസ്സ് ചൈതന്യമുള്ളതാവും. നാം ഓരോരുത്തരും അതോടൊപ്പം സമൂഹവും ആരോഗ്യമുള്ളവരായി തീരും.കൊച്ചി ഗ്ലാഡിയേറ്റർ പ്രോപ്പയിറ്ററും, ട്രെയിനറുമാണ് ലേഖകനായ വികാസ് ബാബു