CrimeNEWS

വയോധികനായ ജുവലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ ജുവലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് വയോധികനായ ജുവലറി ഉടമയുടെ ഇടത് കൈയക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡില്‍ വട്ടവിള ജങ്ഷനില്‍ സുക്യതാ ഫൈനാന്‍സ് ഉടമ കോട്ടുകാല്‍ ഉദിനിന്നവിള പുത്തന്‍ വീട്ടില്‍ പദ്മകുമാറാണ് (60) കവര്‍ച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ കവര്‍ച്ചാസംഘം തട്ടിയെടുത്തത്.

ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ട് മുമ്പ് കൈലിയും ബനിയനും ധരിച്ചിരുന്ന യുവാക്കള്‍ രണ്ടുബൈക്കുകളിലായി കടന്നുപോയിരുന്നതായും ഇവര്‍ക്ക് തൊട്ടുമുമ്പിലായി റോഡരികത്ത് ചുവന്ന നിറത്തിലുളള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പദ്മകുമാര്‍ പറഞ്ഞു. ജ്വല്ലറി പൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പദ്മകുമാറിന്റെ നേര്‍ക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു.

Signature-ad

തറയില്‍ വീണ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ സമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തില്‍ സ്ഥലം വിട്ടതായും ഇവര്‍ വിഴിഞ്ഞം പൊലീസിന് മൊഴി നല്‍കി. പരിസരത്തെ റോഡുകളിലെയും വീടുകളിലെയും സി സി ടി വി ക്യാറമകള്‍ പരിശോധിച്ചു വരുന്നതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Back to top button
error: