CrimeNEWS

പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്‍റെ പേരിൽ അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ കോടതിയിൽ മൊഴി നൽകി പെൺമക്കൾ; അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ദില്ലി: പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്‍റെ പേരിൽ അമ്മയെ ചുട്ടുകൊന്ന അച്ഛനെതിരെ കോടതിയിൽ മൊഴി നൽകി പെൺമക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ മനോജ് ബൻസാലിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ബുലന്ദ്ശർ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.

അമ്മയെ അച്ഛനും അച്ഛന്‍റെ ബന്ധുക്കളും ചേർന്ന് ജീവനോടെ കത്തിച്ചത് നേരിട്ട് കാണേണ്ടി വന്നവരാണ് താനിയ ബൻസാലും, ലതികാ ബൻസാലും. അന്ന് കുട്ടികളായിരുന്ന ഇരുവരെയും ഒരു മുറിയിലിട്ട് പൂട്ടിയ ശേഷമാണ് അമ്മയെ അവർ കൊലപ്പെടുത്തിയത്. അതിന് മുമ്പും ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്ന് പറഞ്ഞ് പല തവണ അമ്മയെ അച്ഛനും ബന്ധുക്കളും ക്രൂരമായി പീഡിപ്പിക്കുന്നത് ഇവർ കണ്ടിട്ടുണ്ട്. പതിനെട്ടും ഇരുപതും വയസ്സുള്ള ഈ പെൺകുട്ടികൾ കഴിഞ്ഞ ആറ് വർഷമായി അമ്മയെ കൊന്ന കേസിൽ അച്ഛനെതിരേയുള്ള നിയമ യുദ്ധത്തിലായിരുന്നു. അച്ഛൻ ഒരു ക്രൂരനായിരുന്നുവെന്നും അനിയത്തിയെ പ്രസവിച്ച ശേഷം അഞ്ച് തവണ അമ്മയെ നിർബന്ധപൂർവ്വം ഗർഭചിദ്രത്തിന് വിധേയയാക്കിയെന്നും ലതികാ ബൻസാല്‍ കോടതിയില്‍ പറഞ്ഞു.

അച്ഛനെകുറിച്ചുള്ള ലതികയുടെ ഓർമ്മകൾ ഭീകരമാണ്. അറുപത് ശതമാനം പൊള്ളലേറ്റാണ് ഇവരുടെ അമ്മ അനു ബൻസാൽ മരിക്കുന്നത്. അനു ബൻസാലിന്‍റെ അമ്മയാണ് അന്ന് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഉത്തർപ്രദേശ് പൊലീസ് മനോജിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. ഇയാൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന് ലതികയും താനിയയും രക്തം കൊണ്ട് എഴുതി അയച്ച കത്ത് ഏറെ ചർച്ചയായിരുന്നു. പിന്നീട് വർഷങ്ങളോളം കോടതികൾ കയറിയിറങ്ങിയ ശേഷമാണ് ഇപ്പോൾ അമ്മയുടെ കൊലയാളിക്ക് അർഹിക്കുന്ന ശിക്ഷ നേടികൊടുക്കാൻ അവർക്ക് കഴിഞ്ഞത്.

Back to top button
error: