മൂവാറ്റുപുഴ: ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് വിദ്യാര്‍ഥി മരിച്ചു. സൗത്ത് പരത്തുവയലി പടി കണിയാശേരി കാവില്‍ തോട്ടം ഇല്ലം ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരി നാരായണന്‍ (കണ്ണന്‍-13) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഈശ്വരന്‍ നമ്പൂതിരിയുടെ പിതാവ് നാരായണന്‍ നമ്പൂതിരി (90) യെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടമുണ്ടായത്. വലിയ മുഴക്കത്തിനു പിന്നാലെ ഞൊടിയിടയില്‍ ഇരുനില വീട് ഒരു നില വീടായി മാറുകയായിരുന്നു. അപകട സമയത്ത് 6 പേരാണ് വീട്ടിലുണ്ടായിരുന്നത്. വലിയ മുഴക്കം കേട്ടതോടെ ഇതില്‍ നാലുപേര്‍ പുറത്തിറങ്ങി. എന്നാല്‍ താഴത്തെ നിലയിലുള്ള മുറിയില്‍ കിടക്കുകയായിരുന്നു ഹരി നാരായണനും നാരായണന്‍ നമ്പൂതിരിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം അഗ്‌നിശമന സേനയെ അറിയിച്ചു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ സാഹസികമായാണ് വീടിനകത്ത് കുടുങ്ങിയ ഇരുവരേയും പുറത്ത് എടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹരി നാരായണന്‍ മരിച്ചു. ശ്വാസം എടുക്കാന്‍ കഴിയാതിരുന്നതും തലയ്ക്കേറ്റ മുറിവുമാണ് മരണത്തിന് ഇടയാക്കിയത്.
അപകടത്തില്‍ വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി. ഒന്നാം നിലയുടെ ഭിത്തി തള്ളിപോയതോടെ രണ്ടാംനില അതേ രൂപത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. തറയില്‍ നിന്ന് ഏകദേശം ഒരു മീറ്റര്‍ മാത്രം അകലെയാണ് രണ്ടാം നില എത്തി നിന്നത്. സമീപത്തുള്ള ഇരുമ്പ് ഷെഡില്‍ രണ്ടാം നിലയുടെ സണ്‍െഷെഡ് തടഞ്ഞതിനാലാണ് മുറിയിലുണ്ടായിരുന്നവരുടെമേല്‍ കെട്ടിടം പതിക്കാതിരുന്നത്.
പത്ത് വര്‍ഷം മുമ്പ് മാത്രം നിര്‍മ്മിച്ച ഇരുനില വീടാണ് തകര്‍ന്നത്. ആറ് മാസം മുമ്പ് ഇതിന് മുകളിലായി ഇരുമ്പ് പൈപ്പും ഷീറ്റും ഉപയോഗിച്ച് റൂഫും നിര്‍മ്മിച്ചിരുന്നു. പില്ലറുകളില്ലാതെ ഭിത്തി മാത്രമാണ് വീടിനുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ബലം പരിശോധിക്കാതെ റൂഫ് നിര്‍മ്മിച്ചതും വിനയായി. തകര്‍ന്ന വീടിനോട് ചേര്‍ന്നുള്ള തറവാട് വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വളയന്‍ചിറങ്ങര വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഹരി നാരായണന്‍. കോതമംഗലം സ്വദേശിനി സിന്ധുവാണ് മാതാവ്. പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന പാര്‍വതി, കാലടി എസ്.എസ്.വി. കോളജ് വിദ്യാര്‍ഥിനി ദേവിക എന്നിവര്‍ സഹോദരിമാരാണ്.