NEWSPravasiWorld

കനത്ത മഴ: യുഎഇയിലെ ചിലസ്ഥലങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: കനത്ത മഴ കണക്കിലെടുത്ത് യു.എ.ഇയുടെ ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച കനത്ത മഴ ലഭിച്ച ഫുജൈറയില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അതീവ ജാഗ്രത പുലര്‍ത്തണമെന്നും റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഫുജൈറയ്ക്കും റാസല്‍ഖൈമയ്ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നു.

Signature-ad

ഇന്നലെ പെയ്ത കനത്ത മഴയില്‍ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങിയിരുന്നു. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി.

 

ഫുജൈറ അധികൃതരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

Back to top button
error: