KeralaNEWS

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിന്റെ മരണം: പെണ്‍ സുഹൃത്തിന്റെ സഹോദരനും അറസ്റ്റില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണാന്‍ ആഴിമലയിലെത്തിയ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍. മൊട്ടമൂട് സ്വദേശി കിരണിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കിരണ്‍ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷ് ഇന്നലെ അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്. യുവാവിനെ തട്ടിക്കൊണ്ടു പോയതിന് 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണാന്‍ കിരണും സുഹൃത്തുക്കളും മൂന്നാഴ്ച മുമ്പ് ആഴിമലയില്‍ എത്തിയിരുന്നു. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ രാജേഷിന്റെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ ഇറക്കിവിട്ടെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ ഈ സംഭവത്തിനുശേഷം കിരണിനെ കാണാതാവുകയായിരുന്നു.

പരിഭ്രാന്തനായി എങ്ങോട്ടോ ഓടിപ്പോകുന്ന കിരണിന്റെ സിസിടിവി ദൃശ്യം ആഴിമലയിലെ ഒരു ആയൂര്‍വ്വേദ റിസോര്‍ട്ടില്‍നിന്നു പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ കിരണ്‍ കടല്‍തീരത്തേക്ക് ഓടുന്നതാണുള്ളത്. ആരും പിന്തുടരുന്നതായി ദൃശ്യങ്ങളിലില്ല. കാണാതായ കിരണിനായി പിന്നീട് വ്യാപക തിരച്ചില്‍ നടത്തി.

ഇതിനിടെ കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് 25 നും 30 നും ഇടയില്‍ പ്രായം മതിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ അടിഞ്ഞു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കേരള പൊലീസിന് ഒപ്പം ചെന്ന കിരണിന്റെ അച്ഛനടക്കമുള്ള ബന്ധുകള്‍ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹത്തിന്റെ കൈകാലുകളിലെ മറുകും കൈത്തണ്ടയിലെ ചരടും കിരണിന്റേതിന് സമാനമായിരുന്നു. തുടന്ന് കിരണിന്റെ അമ്മയുടേയും അച്ഛന്റേയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. രാജീവ്ഗാന്ധി ബയോടെക്‌നാളജി സെന്റില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Back to top button
error: