NEWSPravasiWorld

കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എ.ഇ.

അബുദാബി: തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ കര്‍ശന നടപടികളുമായി യു.എ.ഇ അധികൃതര്‍. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും മറ്റ് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനുമാണ് തീരുമാനം. നാല് മാസത്തിലധികം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപന ഉടമയുടെ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്‌ക്കെതിരേയും നടപടി ഉണ്ടാകും.

രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടി. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ് പരിശോധനകള്‍ക്ക് പുറമെ ഇലക്ട്രോണിക് രേഖകളിലൂടെയും ഇത് സംബന്ധിച്ച പരിശോധനകള്‍ നടക്കും.

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കും. അതിന്മേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കും. അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം നല്‍കാതെ വന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനും മറ്റ് പ്രാദേശിക, ഫെഡറല്‍ വകുപ്പുകള്‍ക്കും കൈമാറുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

എല്ലാ സ്ഥാപനങ്ങള്‍ക്കും അവയുടെ വലിപ്പം പരിഗണിക്കാതെ പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം സ്ഥാപനങ്ങളുടെ ഉടമയുടെ പേരില്‍ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സമാനമായ നടപടികള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും സ്വീകരിക്കമെന്നും മന്ത്രാലയം അറിയിച്ചു.

Back to top button
error: