KeralaNEWS

തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത, ആഗോള സ്ഥാപനങ്ങൾ 4 എണ്ണം കേരളത്തിലേയ്ക്ക് വരുന്നു; അനേക ലക്ഷങ്ങൾക്ക് തൊഴിൽ

തൊഴിൽ രഹിതരായ യുവാക്കൾക്ക് സന്തോഷവാർത്ത. അനേകലക്ഷങ്ങൾക്ക് തൊഴിൽ സാദ്ധ്യതകളുടെ വാതായനങ്ങൾ തുറന്നിട്ടു കൊണ്ട് കേരള നോളജ്‌ ഇക്കണോമി മിഷൻ നാല്‌ ആഗോള സ്ഥാപനങ്ങളുമായി  കൈകോർക്കുന്നു. ആകെ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയാണ് ഉടൻ നടപ്പിലാക്കാൻ പോകുന്നത്.

ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ തൊഴിൽ പ്ലാറ്റ്‌ഫോമുകളായ മോൺസ്‌റ്റർ ഡോട്‌കോം, ഏവിയൻ, ലിങ്ക്‌ഡ്‌ ഇൻ എന്നീ ആഗോള കമ്പനികളും ഇന്ത്യൻ വ്യവസായികളുടെ കൂട്ടായ്‌മയായ ‘കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്‌ട്രീസു’മാണ്‌ (സി.ഐ.ഐ) സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയുടെ ഭാഗമാകുന്നത്.

Signature-ad

കമ്പനി പ്രതിനിധികൾ അടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കെ-ഡിസ്‌കുമായി ധാരണപത്രത്തിൽ ഒപ്പിടും. ഇതോടെ ആയിരക്കണക്കിന്‌ തൊഴിൽ വിവരങ്ങൾ ദിവസവും കെ-ഡിസ്‌കിന്റെ ‘ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റ’ത്തിൽ ലഭ്യമാകും.

അന്താരാഷ്‌ട്ര തലത്തിലുള്ള വൻകിട സ്ഥാപനങ്ങളിലെയടക്കം 2000 പുതിയ  തൊഴിലവസരങ്ങൾ ദിവസവും മോൺസ്‌റ്റർ പങ്കുവയ്‌ക്കുന്നു. ശരാശരി 600 വീതം മറ്റ്‌ കമ്പനികളും പങ്കുവയ്‌ക്കുന്നു. ധാരണപത്രം ഒപ്പുവയ്‌ക്കുന്നതോടെ ഈ വിവരങ്ങൾ ‘ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റ’ത്തിലുമെത്തും. രജിസ്‌റ്റർ ചെയ്തവർക്ക്‌ യോഗ്യതയ്ക്കനുസരിച്ച്‌ തൊഴിൽ സ്വയം തെരഞ്ഞെടുക്കാം.

നാലുവർഷംകൊണ്ട്‌ ഏഴുലക്ഷം പേർക്കാണ്‌ സി.ഐ.ഐ തൊഴിൽ ലഭ്യമാക്കുക. അഞ്ചുലക്ഷം പേർക്ക്‌ നേരിട്ടും രണ്ടുലക്ഷം പേർക്ക്‌ പരിശീലനം നൽകിയുമാണിത്‌. മാർച്ചിൽത്തന്നെ ഇതിനുള്ള ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു.
രാജ്യത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലവസരങ്ങൾ കെ-ഡിസ്‌കിന്റെ പോർട്ടലിൽ നൽകിത്തുടങ്ങിയിട്ടുണ്ട്‌. കൊച്ചിയിൽ ഇതിനായി പ്രത്യേക ഓഫീസും സിഐഐ തുറന്നു. പുതുതായി തയ്യാറാക്കിയ ‘ഡി.ഡബ്ല്യു.എം.എസ്‌ കണക്ട്‌’ ആപ്പിലും ഈ കമ്പനികൾ പങ്കുവയ്‌ക്കുന്ന തൊഴിൽവിവരങ്ങൾ ലഭിക്കും.

Back to top button
error: